ചെറുവത്തൂർ: വിദ്യാർത്ഥികളടക്കം നൂറു കണക്കിന് നാട്ടുകാർ നിത്യേന ആശ്രയിക്കുന്ന വണ്ണാത്തിക്കടവിലെ മരപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം പണിയണമെന്ന ആവശ്യം ഉയരുന്നു. ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ മടക്കര പുഴയിലെ വണ്ണാത്തിക്കടവിലാണ് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നത്.
മടക്കര പുഴ വണ്ണാത്തിക്കടവിൽ കാരിയിൽ പള്ളിക്കണ്ടം - കാടങ്കോട് കൊയാമ്പുറം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 2002ൽ നാട്ടുകാർ തെങ്ങും കവുങ്ങും മുളയും ഉപയോഗിച്ചാണ് പാലം പണിതത്. പിന്നീട് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മരപ്പാലം പണിയുകയും വർഷംതോറും പുതുക്കിപ്പണി തുമാണ് ഇത് നിലനിർത്തുന്നത്. പള്ളിക്കണ്ടം, മീൻകടവ്, കുണ്ടുപടന്ന, പതിക്കാൽ, കുറ്റി വയൽ എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾ ഈ മരപ്പാലം കടന്നാണ് കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നത്.
ഈ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളും, അനുബന്ധ തൊഴിലാളികളും മടക്കര ഫിഷിംഗ് ഹാർബറിൽ എത്തുന്നതും പാലം വഴിയാണ്. മറുകരയിലുള്ള കാവുഞ്ചിറ, കാടങ്കോട്, കൈതക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പാവപ്പെട്ട രോഗികൾക്ക് കാരിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തുവാനുള്ള ഈ പാലം വഴിയുള്ള യാത്ര മഴക്കാലത്തും മറ്റും അപകട ഭീഷണി ഉണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്നാണ് കോൺക്രീറ്റ് പാലം വേണമെന്ന അവശ്യം ഉയരുന്നത്.