ന്യൂമാഹി: മയ്യഴിപ്പുഴയിൽ കണ്ണൂർ -കോഴിക്കോട് ജില്ലകൾക്കിടയിൽ കിടഞ്ഞിയെയും എടച്ചേരിയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഏറെക്കാലമായി ഇരു കരകളിലുമുള്ളവർ ഉയർത്തുന്ന ചിരകാല മോഹമാണ് സഫലമാകുന്നത്.
കിഫ്ബി പദ്ധതിയായ പാലത്തിന്റെ പ്രവൃത്തി 15.17 കോടി രൂപക്ക് ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. സാങ്കേതിക നടപടികൾ പൂർത്തിയായ ശേഷം അടുത്ത ദിവസം തന്നെ പ്രവൃത്തിയാരംഭിക്കും. ഇതോടെ കിലോമീറ്ററുകളോളം താണ്ടി പെരിങ്ങത്തൂർ പാലം വഴിയോ, കാഞ്ഞിരക്കടവ് പാലം വഴിയോ കറങ്ങി തിരിഞ്ഞു പോകുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്.

2019ൽ കെ.കെ ശൈലജ എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ഫണ്ടനുവദിക്കുകയും, അന്നത്തെ പൊതു മരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ തറക്കല്ലിടുകയും ചെയ്തിരുന്നു. ഊരാളുങ്കൽ സൊസൈറ്റി പാലത്തിന്റെ നിർമ്മാണമാരംഭിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, പദ്ധതി നടപ്പിലാക്കുവാൻ ഏറ്റെടുക്കേണ്ടി വരുന്ന അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് നടപടികളിൽ തടസ്സം വന്നു. ഇതോടെ പ്രവൃത്തി പാതിവഴിയിൽ മുടങ്ങുകയായിരുന്നു. അന്നത്തെ കരാർ പ്രകാരം നിലവിൽ ഏഴു ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.

നീളം 205 മീറ്റർ

കരാർ

₹ 15.18 കോടി

സ്പാൻ ബോസ്ട്രിംഗ് ആർച്ച് മാതൃക

പുതിയ കരാറിൽ കിടഞ്ഞി ഭാഗത്ത് 175 മീറ്ററും, എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും. മേഖലയിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കെ.പി.മോഹനൻ എം.എൽ.എയുടെ ഇടപെടലുകൾക്കൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 205 മീറ്റർ നീളമുള്ള പാലം സ്പാൻ ബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് നിർമിക്കുന്നത്. പുഴയുടെ ഈ ഭാഗത്ത് വൻ വിനോദസഞ്ചാരപദ്ധതികളും നടപ്പിലാക്കപ്പെടുകയാണ്.