പയ്യന്നൂർ: ഉളിയത്ത് കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് വിശദമായ പദ്ധതി രൂപരേഖ സമർപ്പിച്ച് 2025-26 വർഷത്തെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ഉളിയത്ത് കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് ഭരണാനുമതി നൽകണമെന്നഭ്യർഥിച്ച് ടി.ഐ.മധുസൂദനൻ എം.എൽ.എ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പയ്യന്നൂർ നിയോജക മണ്ഡലത്തെയും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തെയും ബന്ധിപ്പിക്കുന്നതും പയ്യന്നൂർ നഗരസഭ, തൃക്കരിപ്പൂർ ,പിലിക്കോട് ,കരിവെള്ളൂർ പെരളം ,കാങ്കോൽ ആലപ്പടമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ കാർഷിക മേഖലക്ക് വളരെ ഏറെ ഗുണപ്രദവുമാകുന്ന ഉളിയത്ത്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.

കവ്വായി കായലിൽ നിന്നും വലിയതോതിൽ ഉപ്പ് വെള്ളം കയറുന്നതിനാൽ നൂറുകണക്കിന് ഹെക്ടർ നെൽകൃഷി നശിക്കുകയും ,രണ്ടു വിള കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ് .

നെൽകൃഷി മാത്രം ഉപജീവനമാക്കിയ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കുണിയൻ പ്രദേശത്തെ നിരവധി കർഷകർ ഈ ഒരു കാരണത്താൽ നെൽകൃഷി ഉപേക്ഷിച്ച് പാടങ്ങൾ തരിശിടുകയാണ്. താൽക്കാലിക തടയണകൾ നിർമ്മിച്ച് കൃഷി ചെയ്യുവാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഇതോടൊപ്പം പ്രദേശത്തെ കിണറുകളിൽ ഉപ്പ് വെള്ളം കയറി കുടിവെള്ളം മുട്ടുന്ന അവസ്ഥയും ഉണ്ട്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ കവ്വായി പുഴയിൽ ഉളിയത്ത്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന് എം.എൽ.എ. പറഞ്ഞു.