പയ്യന്നൂർ: എക്സൈസ് റെയ്ഡിൽ 40 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി അറസ്റ്റിലായി കോടതി റിമാന്റു ചെയ്ത പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയും വാറ്റു ചാരായം നിർമ്മിക്കാൻ കെട്ടിയ ഷെഡ്ഡും അജ്ഞാതർ തീവച്ച് നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 .30 മണിയോടെയാണ് സംഭവം. രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരംവിള പുത്തൻവീട്ടിൽ സജീവിന്റെ (48) വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയും ചാരായം വാറ്റാൻ ഉപയോഗിച്ച ഷെഡ്ഡുമാണ് അഗ്നിക്കിരയാക്കിയത്. ഓട്ടോയും ഷെഡും പൂർണ്ണമായി കത്തിനശിച്ചു. പെട്രോൾ ഒഴിച്ചാണ് തീ വച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും ചാരായവും വാഷുമായി പ്രതിയെ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ വീടിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 80 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ രണ്ട് അബ്കാരി കേസ്സുകളിലെ പ്രതിയാണ് സജീവ്.