പയ്യന്നൂർ: പയ്യന്നൂർ കോളജിൽ എസ്.എഫ്.ഐ, കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തുമുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കെ.എസ്.യു. കോളേജ് യൂനിറ്റ് പ്രസിഡന്റും രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയുമായ ചാൾസ് സണ്ണി(20), എസ്.എഫ്.ഐ. കോളേജ് യൂനിറ്റ് പ്രസിഡൻ്റും പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗവുമായ എം. ഹഫാം (19) എന്നിവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കോളേജ് കാന്റീൻ പരിസരത്ത് കൂടി ക്ലാസ്സിലേക്ക് പോവുകയായിരുന്ന ചാൾസിനെ എസ്.എഫ്.ഐ. പ്രവർത്തകർ തലക്കും നെഞ്ചിനും ആക്രമിച്ചതായാണ് പരാതി. ചാൾസിനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ തുടർന്ന് കെ.എസ്‌.യു. പ്രവർത്തകർ ഹഫാം ഉൾപ്പെടെയുള്ള പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ.യും ആരോപിക്കുന്നു. പരിക്കേറ്റ ഹഫാമിനെ സഹകരണ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടത്തിയതെന്ന് എസ്.എഫ്.ഐ. പയ്യന്നൂർ ഏരിയ കമ്മിറ്റി അറിയിച്ചു. അക്രമത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഏരിയ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.