
തൃക്കരിപ്പൂർ: കൂട്ടുകാരുമൊന്നിച്ച് ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടയിൽ പതിമൂന്നുകാരൻ പുഴയിൽ മുങ്ങിമരിച്ചു. വലിയ പറമ്പ് ബീരാൻ കടവിലെ നിസാർ-സമിറ ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരണപ്പെട്ടത്. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മൂന്നു കൂട്ടുകാരുമൊന്നിച്ച് ചൂണ്ടയിടുന്നതിനിടയിൽ അറിയാതെ കാൽ തെറ്റി ബോട്ടുചാലിൽ അകപ്പെട്ടു പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികൾ അറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാർ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ പതിനൊന്നരക്ക് ഇളമ്പച്ചി സ്‌കൂളിൽ പൊതുദർശനം.