mla-
ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാക്ക് ടു ഫാമിലി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബാക്ക് ടു ഫാമിലി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ഇന്ത്യയിലെ ഹാപ്പിനസ് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. കുടുംബങ്ങളിൽ നിന്നും ആ കുടുംബങ്ങളിലെ വനിതകളിൽ നിന്നും വനിതകൾ ഉൾപ്പെട്ട കുടുംബശ്രീകളിൽ നിന്നുമാണ് സന്തോഷം ആരംഭിക്കുന്നത്. ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിച്ചതും കുടുംബശ്രീ കാരണമാണെന്ന് എം.എൽ.എ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് വെല്ലുവിളികൾ കൂട്ടായി നേരിടുന്നതിനുള്ള അറിവുകളും നേതൃശേഷിയും ആർജ്ജിച്ച് സാമ്പത്തിക, സാമൂഹിക ശാക്തീകരണ ഇടങ്ങൾ സൃഷ്ടിച്ച് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒക്ടോബർ ആറിന് തുടക്കമാവും. ഡിസംബർ രണ്ടാംവാരംവരെ നടക്കുന്ന 'ബാക്ക് ടു ഫാമിലി' സാദ്ധ്യമായ അവധിദിവസങ്ങളിൽ ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ തിരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലാണ് നടക്കുന്നത്. കുട്ടിയും അവകാശങ്ങളും, സുരക്ഷിത ബാല്യം, മികച്ച രക്ഷാകർതൃത്വം, കുടുംബം ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങി മേഖലകളിലൂന്നിയുള്ള ശില്പശാല അയൽക്കൂട്ടതലങ്ങളിൽ നടക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ പദ്ധതി വിശദീകരിച്ചു . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ, കിനാനൂർ കരിന്തളം സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ രാജു, മഞ്ചേശ്വരം സി.ഡി.എസ് ചെയർപേഴ്സൺ കെ. ജയശ്രീ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ സി.എം.സൗദ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ കെ. രത്‌നേഷ് നന്ദിയും പറഞ്ഞു.