pk-ragesh

കണ്ണൂർ: കോൺഗ്രസ് വിമതനായ പി.കെ.രാഗേഷിന്റെ രാജീവ് കൾച്ചറൽ ഫോറം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. കോർപറേഷനിലെ മുഴുവൻ സീറ്റിലും മത്സരിക്കാനാണ് ഇവരുടെ നീക്കം. അടുത്ത മാസം സംഘടനയുടെ വിശാലയോഗം വിളിച്ച് പ്രഖ്യാപനം നടത്താനാണ് തീരുമാനം.

കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന നേതാക്കളേയും പ്രവർത്തകരേയും ചേർത്തു നിർത്തി പ്രവർത്തിക്കാനാണ് പി.കെ.രാഗേഷ് വിഭാഗത്തിന്റെ തീരുമാനം. നിലവിൽ കോർപ്പറേഷന്റെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് പി.കെ രാഗേഷ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. എന്നാൽ കുറച്ചുകാലമായി കൗൺസിലിലുൾപ്പടെ ഭരണപക്ഷ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

ബാങ്ക് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചു; പാർട്ടിയിൽ നിന്ന് പുറത്തായി

പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പി.കെ.രാഗേഷ് രണ്ടാമതും പാർട്ടിക്ക് പുറത്തായത്.കോർപറേഷൻ രൂപീകരിച്ചതിന് പിന്നാലെ 2015ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും പി.കെ.രാഗേഷ് വിമതനായാണ് മത്സരിച്ചത്. അന്ന് അച്ചടക്ക നടപടിക്ക് വിധേയനായ പി.കെ രാഗേഷിന്റെ പിൻബലത്തിലാണ് സി.പി.എമ്മിലെ ഇ.പി ലത മേയറായത്. പി.കെ.രാഗേഷിന് അന്ന് സി.പി.എം ഡപ്യൂട്ടി മേയർ സ്ഥാനവും നൽകി.പിന്നീട് അനുനയിപ്പിച്ച് കോൺഗ്രസ് പക്ഷത്തേക്ക് ചേർത്ത് സി.പി.എമ്മിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയെങ്കിലും അധികകാലം സൗഹൃദം നിലനിന്നില്ല.