തലശ്ശേരി: നഗരസഭ കൗൺസിൽ യോഗത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ. 81 അങ്കണവാടികളിലേക്ക് സൗണ്ട് സിസ്റ്റം വാങ്ങിയതിൽ 12 ലക്ഷത്തിന്റെ അഴിമതി നടന്നതായാണ് ആരോപണം. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി.
അഴിമതി നടത്തിയിട്ടില്ലെന്നും,ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചെയർപേഴ്സൺ ജമുനാ റാണി പറഞ്ഞു. 23,800 രൂപ മാത്രം എം.ആർ.പി വിലയുള്ള മൈക്ക് സെറ്റിന് ടെൻഡറിലൂടെ 29,200 രൂപയാണ് നൽകിയതെന്ന് കൗൺസിലർ കെ. ലിജേഷ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും ലിജേഷ് വ്യക്തമാക്കി.
സാധാരണ നടത്താറുള്ള ടെൻഡർ നടപടിയാണ് സ്വീകരിച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെൻഡർ ആണ് സ്വീകരിച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു. വിജിലൻസിനെ സമീപിക്കുമെന്ന് അറിയിച്ചാണ് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയത്.
ബി.ജെ.പിയുടേത് ഉണ്ടയില്ലാ വെടിയെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. വൈസ് ചെയർമാൻ എം.വി. ജയരാജൻ, തബസം, സി. സോമൻ, ടി.പി.ഷാനവാസ്,, റാഷിദ, പി.കെ.സോന, എൻ.മോഹനൻ തുടങ്ങിയവരും സംസാരിച്ചു. ഇരട്ട വോട്ട്, തെരുവുനായ ശല്യം, പെരുമ്പാമ്പ് ശല്യം, തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് എന്നിവയും ചർച്ചയായി.