കണ്ണൂർ: വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കുറുനരിയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് കണ്ണാടിപറമ്പ് ചേലേരി അമ്പലം റോഡ്, നാലാംപീടിക പാട്ടയം ഭാഗങ്ങളിലായി നിരവധി പേർക്ക് കുറുനരിയുടെ കടിയേറ്റത്. നാലാംപീടിക പാട്ടയത്തെ ഇബ്രാഹിം (8), വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മുഹമ്മദ്ഫലാഹ് (10), ചേലേരി അമ്പലം റോഡിലെ നബ്ഹാൻ (10), എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ചേലേരി മാലോത്തെ വിജയന് (67) കണ്ണിനും കാലിലും കടിയേറ്റു. സുരേഷ് (49), ചേലേരി അമ്പലത്തിന് സമീപം വീട്ടിൽ നിന്നും കടയിലേക്ക് പോവുകയായിരുന്ന മുരളി ( 60)ക്കും ചേലേരി വളവിൽ രാജേഷ് (34)നും കുറുനരിയുടെ കടിയേറ്റു. കണ്ണിന് കടിയേറ്റ വിജയനെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.