ground
പൊലീസ് പരേഡ് ഗ്രൗണ്ടിൽ കുഴികൾ രൂപപ്പെട്ട് ചെളിനിറഞ്ഞ സ്ഥലം

കണ്ണൂർ: കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലെ പുൽമൈതാനത്തിൽ കുഴികൾ രൂപപ്പെട്ട് ചെളിമയമായി. കനത്ത മഴയും തുടർച്ചയായ കളികളും കാരണം പുൽമൈതാനത്തിന്റെ നടുവിലായി രൂപപ്പെട്ട കുഴികളിലെ ചെളിക്കെട്ടിൽ മത്സരത്തിനിറങ്ങേണ്ട അവസ്ഥയിലാണിപ്പോൾ ടീമുകൾ.
സംസ്ഥാന സ്കൂൾ ഗെയിംസ് അണ്ടർ -19 ഫുട്ബാൾ മത്സരങ്ങളും സൂപ്പർ ലീഗ് കേരള ടീമായ
കണ്ണൂർ വാരിയേഴ്സിന്റെ പരിശീലന മത്സരങ്ങളും ഇവിടെ വച്ചാണ് നടക്കുന്നത്. ഇത്തരം ഗ്രൗണ്ടുകളിൽ സാധാരണ ഉപയോഗിക്കാറുള്ള ഹൈബ്രിഡ് ഗ്രാസിന് പകരം നിലവാരം കുറഞ്ഞ ഗ്രാസുകൾ ഉപയോഗിച്ചത് ഗ്രൗണ്ടിന്റെ നിലവാര തകർച്ചക്ക് കാരണമായതായി പറയുന്നു. മഴ പെയ്തുണ്ടാകുന്ന വെള്ളം കൃത്യമായി വലിച്ചെടുത്ത ശേഷമാണ് ഡ്രെയിനേജിൽ എത്തേണ്ടത്. പാകിയിരിക്കുന്ന പുല്ലിന്റെ നിലവാരം കുറഞ്ഞതും ഇതിനടിയിൽ വരുന്ന ലെയറുകളുടെ മിശ്രിതത്തിലെ നിലവാരക്കുറവും കൃത്യമായി വെള്ളം വലിച്ചെടുക്കാത്തതിന് കാരണമായി.
എന്നാൽ മൈതാനം ദിവസം നാല് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുതെന്നാണ് അധികൃതരുടെ അവകാശവാദം. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ കീഴിൽ
ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ്സ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് നിർമ്മാണം നടത്തിയത്. ധാരണ പ്രകാരം അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന തകരാറുകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സ്ഥാപനത്തിനാണ്.

'പൊടിഞ്ഞത്" 7.53 കോടി

7.53 കോടിയിലധികം ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്കും പുൽത്തകിടിയുള്ള ഫുട്ബാൾ മൈതാനവും നിർമ്മാണം പൂർത്തീകരിച്ചത്. കഴിഞ്ഞ മേയ് മാസം നിർമ്മാണപ്രവൃത്തികൾ തുടങ്ങിയ മൈതാനം ആഗസ്റ്റ് 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പഴയ മൈതാനം പൂർണമായും കിളച്ചുമാറ്റിയ ശേഷമായിരുന്നു നിർമ്മാണം.
ഫുട് ബാൾ ഗ്രൗണ്ടിന് 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള മൈതാനത്ത് പ്രത്യേക ജിയോ ടെക്സ്റ്റൈൽ വിരിച്ചശേഷം അതിന്റെ മുകളിൽ 10 സെന്റിമീറ്റർ കനത്തിൽ മണലും ചകിരിച്ചോറും അടങ്ങിയ മിശ്രിതവുമാണുള്ളത്. അതിന് മുകളിൽ ബർമുഡ ഗ്രാസ് വിരിച്ചു. ഡ്രെയിനേജിൽ വെള്ളം എത്തേണ്ട രീതിയിൽ ഗ്രൗണ്ട് ലവലിംഗും നടത്തി.
നാലര സെന്റിമീറ്റർ കനത്തിൽ ബിറ്റുമിൻ മെക്കാഡവും രണ്ടര സെന്റിമീറ്റർ കനത്തിൽ ബിറ്റുമിൻ കോൺക്രീറ്റും നടത്തി. ഒന്നര സെന്റീമീറ്റർ കനത്തിൽ റബർ, പോളിയുറത്തൈൻ എന്നിവയുടെ മിശ്രിതം പാകിയാണ് സിന്തറ്റിക്ക് ട്രാക്കിന്റെ നിർമാണം നട ത്തിയിരിക്കുന്നത്. 400 മീറ്ററിൽ എട്ട് ലൈൻ ട്രാക്കിൽ ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകളുമുണ്ട്.