തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ 19 കോടി ചെലവിട്ടു നിർമ്മിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോംപ്ളക്സ് ടെൻഡർ ചെയ്തു. കിഫ്ബിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓപ്പറേഷൻ തീയേറ്റർ കോപ്ലംക്സിൽ , അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി വിഭാഗം, ജനറൽ സർജറി എന്നിവയ്ക്കുള്ള രണ്ട് ഓപ്പറേഷൻ തീയേറ്ററും 50 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗവും നഴ്സിംഗ് സ്‌റ്റേഷനും കൗൺസലിംഗ് മുറിയും സജ്ജീകരിക്കും. അതോടൊപ്പം എക്സ്‌റേ, സി.ടി, യു.എസ്.ജി.എസ് സൗകര്യങ്ങളും ലഭ്യമാക്കും.
ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ നാലരക്കോടി രൂപചെലവിട്ട് നിർമിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്തു കഴിഞ്ഞു. 12 കിടക്കകളും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുറി, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, സഹായകകേന്ദ്രം, കാത്തിരിപ്പ് മുറി എന്നിവയും ഉണ്ടാകും. ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ പണിയുന്ന പുതിയ അത്യാഹിത വിഭാഗം ടെണ്ടറായി.
നേരത്തെ എൻ.എച്ച്.എം വഴി 2.68 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പ്രസവമുറി, സെപ്റ്റിക് ലേബർറൂം, എമർജൻസി തീയറ്റർ, ന്യൂബോൺ സ്‌റ്റെബിലൈസേഷൻ യൂണിറ്റ്, ഓപ്പറേഷൻ തീയേറ്റർ, കുട്ടികളുടെ ഐ.സി.യു, കുട്ടികളുടെ വാർഡ് തുടങ്ങിയ സൗകര്യങ്ങളുള്ള ലക്ഷ്യബ്ലോക്കും ആശുപത്രിയിൽ പൂർത്തിയാക്കിയിരുന്നു. നേത്രബ്ലോക്ക് ഉൾപ്പെടെ നിലവിൽ പഴയകെട്ടിത്തിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ ഡ്രെയിനേജ് പ്രവൃത്തികളും അവസാനഘട്ടത്തിലാണ്.
കാലപ്പഴക്കംചെന്ന പേവാർഡ് കെട്ടിടമുൾപ്പെടെ പൊളിച്ചുനീക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പേവാർഡ് കോംപ്ളക്സ് പണിയുക. മൂന്നരകോടി രൂപയുടെ പേവാർഡിന്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.