കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം പുതുക്കി പണിയുന്നതിനൊപ്പം തന്നെ പുതിയതായി നിർമ്മിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിലേക്ക് മഴ കൊള്ളാതെ പോകാൻ മേൽക്കൂരയോടു കൂടിയുള്ള നടപ്പാത പണിയും.
സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് ഉയർത്തി വീതി കൂട്ടി കോൺക്രീറ്റ് ചെയ്യും. ഇതിനോടൊപ്പം ഈ ഭാഗത്തുള്ള ഡ്രൈനേജ് നിർമ്മാണവും പൂർത്തീകരിക്കും. ഇതിനായി നാലു കോടി രൂപയാണ് റെയിൽവേ എൻജിനീയർ വിഭാഗം അതോറിറ്റി മാറ്റിവച്ചിട്ടുള്ളത്. ഡിസംബറിൽ ഇതിന്റെ പ്രവൃത്തികൾ ആരംഭിക്കും. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായി നാലാമത്തെ പ്ലാറ്റ് ഫോം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നാലാം പ്ലാറ്റ്‌ഫോം പൂർത്തീകരിച്ചാൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളെയും കാഞ്ഞങ്ങാട് വരെ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ്.
റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തായി പണിയുന്ന രണ്ടാമത്തെ റെയിൽവേ ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ രണ്ടാം പ്ലാറ്റ് ഫോമിൽ നിന്നുള്ള അടിസ്ഥാന പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ടരക്കോടിയോളം രൂപ ചെലവിലാണ് നിലവിൽ സ്റ്റേഷന്റെ തെക്കുഭാഗത്തെ മേൽ നടപ്പാലത്തിന് പുറമെ രണ്ടാം ഫുട് ഓവർ ബ്രിഡ്ജ് പണിയുന്നത്. പണി തീരുന്നതോടെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള നടപടികൾ എടുത്തുവരുന്നുണ്ട്.
ഹൈദരാബാദുകാരനായ വെങ്കിട്ടരമണക്കാണ് പുതിയ ഫുട് ഓവർ ബ്രിഡ്ജിന്റെ കരാർ നൽകിയിട്ടുള്ളത്. മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിട്ടുണ്ട്. മേൽപ്പാലത്തിലൂടെ നടന്ന് പ്ലാറ്റ്‌ഫോമുകളിലേക്കും പുറത്തേക്കും കടക്കാനാവും. കോട്ടച്ചേരിയിൽ നിന്ന് ആവിക്കര കടപ്പുറം ഭാഗങ്ങളിലേക്കും തിരിച്ചും നടന്നു പോകാനുള്ള സംവിധാനമാണ് പുതുതായി പണിയുന്ന മേൽ നടപ്പാലത്തിലുള്ളത്. നിലവിലുള്ള ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തെ മേൽ നടപ്പാലത്തിലൂടെ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്ന് രണ്ടും മൂന്നും പ്ലാറ്റ് ഫോമിലേക്കുള്ള നടവഴികൾ മാത്രമാണുള്ളത്. എന്നാൽ പ്ലാറ്റ് ഫോമിലിറങ്ങാതെ പുറത്തേക്ക് കടക്കാനുള്ള സംവിധാനത്തോടെയുള്ള മേൽനടപ്പാലം വളരെ അപൂർവ്വമായേ റെയിൽവേ അനുവദിക്കാറുള്ളൂ. 2024 ൽ ഉത്രാടനാളിൽ പാളം മുറിച്ചു കടക്കവേ മൂന്ന് സ്ത്രീകൾ ട്രെയിനിടിച്ച് മരിച്ച സംഭവവും ഉണ്ടായതോടെയാണ് വടക്കു ഭാഗത്ത് കൂടി ഫുട് ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമായത്.