മാഹി: മാഹി റെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിംഗ് പ്രശ്നത്തിന്റെ തുടർച്ചയായി പുതുച്ചേരി സർക്കാരിന്റേയും, മാഹി സഹകരണ ട്രാൻസ്‌പോർട്ട് സൊസൈറ്റിയുടേയും എട്ട് ബസ്സുകൾ ഓട്ടോറിക്ഷാ തൊഴിലാളികൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടഞ്ഞുവച്ചു. തർക്കത്തെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബസ്സുകൾ മാറ്റാൻ ചോമ്പാല പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവയെല്ലാം പിന്നീട മാഹി ഇൻഡോർ സ്റ്റേഡിയം പരിസരത്തേക്ക് കൊണ്ടുവന്നു. എന്നാൽ മയ്യഴിയിലെ അധികൃതർ ജീവനക്കാരോട് സർവ്വീസ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു. കേരള അധികൃതർ മാഹിയിലെ ബസ്സുകൾ തടഞ്ഞാൽ, നിത്യേന മാഹി വഴി കടന്നുപോകുന്ന വാഹനങ്ങൾ മാഹിയിലും തടയുമെന്ന കടുത്ത നിലപാടിലാണ് ഇതോടെ മാഹി ഭരണകൂടം.
കേരള ഭാഗത്തുള്ള അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാഹി റെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിംഗ് പ്രശ്നം കഴിഞ്ഞ ഒന്നര മാസമായി അന്തർ സംസ്ഥാന പ്രശ്നമായി മാറുകയാണ്. മാഹിയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ പൊതു യാത്രാ സംവിധാനമാണ് മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടുന്ന പി.ആർ.ടി.സിയുടെയും സൊസൈറ്റിയുടേയും ബസ്സുകൾ. ആകെ എട്ടു ബസ്സുകളാണ് ഇവിടെ നിന്ന് സർവ്വീസ് നടത്തുന്നത്. കുറഞ്ഞ യാത്രാ നിരക്കും കൃത്യമായ സർവ്വീസും കാരണം റെയിൽവേ യാത്രക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും ഈ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ഓട്ടോ ഡ്രൈവർമാരെ ചൊടിപ്പിക്കുന്നതും.
തർക്കത്തെ തുടർന്ന് ഇടപെട്ട വടകര ആർ.ടി.ഒ പി.ആർ.ടി.സി ബസുകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യാൻ അനുവാദം നൽകിയിരുന്നു. പിന്നീട് ചോമ്പാൽ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് പി.ആർ.ടി.സി യുടെയും സൊസൈറ്റിയുടെയും രണ്ട് വീതം ബസ്സുകൾ മാത്രം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചാൽ മതി എന്ന നിർദ്ദേശം മുന്നോട്ടു വച്ചു. ഈ നിർദേശമാണ് ഇപ്പോൾ വിവാദമാകുന്നതും ഒരു അന്തർ സംസ്ഥാന തർക്കത്തിലേക്ക് നീങ്ങുന്നതും.
പ്രശ്നം മുറുകിയാൽ സ്ഥിതി വഷളാകും
മാഹിയിലെ ബസുകളെ മാഹി റെയിൽവേ സ്റ്റേഷനിൽ പാർക്കു ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ മാഹിയിലെ ഓട്ടോ സ്റ്റാന്റുകളിൽ അന്യ സംസ്ഥാനത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് മാഹിയിലെ അധികൃതർ. മാഹിയിലെ വാതക ശ്മശാനത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനങ്ങളെ അനുവദിച്ചു കൊണ്ട് മാഹി നഗരസഭാ കമ്മീഷണർ അടുത്തിടെയാണ് തീരുമാനമെടുത്തത്. ഇതിനിടെയാണ് മാഹി പ്രദേശത്തെ യാത്രാ പ്രശ്നം രൂക്ഷമാക്കുന്ന രീതിയിൽ ചിലർ മണ്ണിന്റെ മക്കൾ വാദം ഉയർത്തി പ്രശ്നം വഷളാക്കുന്നത്. മാഹിയിലെ സർക്കാർ ആശുപത്രികൾ, വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയവയിൽ വലിയൊരു വിഭാഗം മാഹിക്ക് പുറത്തുള്ളവരാണെന്ന് മണ്ണിന്റെ മക്കൾ വാദക്കാർ മറന്ന് പോകുന്നുവെന്നും പറയുന്നു.