പാപ്പിനിശ്ശേരി: സൂര്യാസ്തമയത്തിന്റെ സായാഹ്ന ശോഭയിൽ കടലിന്റെ വശ്യതയും വന്യതയും ആസ്വദിക്കുവാൻ സഞ്ചാരികൾ ഇരച്ചെത്തുന്ന ഇടമാണ് നീർക്കടവ്. എന്നാൽ തകർന്ന കടൽഭിത്തി സഞ്ചാരികളെയും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന നാട്ടുകാരെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ആ പ്രശ്നത്തിന് കെ.വി സുമേഷ് എം.എൽ.എ യുടെ ഇടപെടലിലൂടെ ഇപ്പോൾ പരിഹാരമാകുന്നു.
അഴീക്കോട് നീർക്കടവ് പള്ളിയാമൂല റോഡിലെ തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ നടപടിയായി. നിർമാണത്തിനുള്ള കരിങ്കല്ലുകൾ എത്തിച്ചു കഴിഞ്ഞു. വൈകുന്നേരങ്ങളിൽ ഉൾപ്പെടെ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് തീരത്ത് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായത്.
എംഎൽഎ വകുപ്പുമന്ത്രിക്ക് നിവേദനം നൽകുകയും ഇതിനെ തുടർന്ന് പദ്ധതിക്ക് അംഗീകാരമാവുകയും ചെയ്തു. 70 ലക്ഷം രൂപയാണ് കടൽ ഭിത്തി പുനർനിർമാണത്തിനായി അനുവദിച്ചത്. ബാക്കിവരുന്ന ഭാഗം രണ്ടാംഘട്ടമായി നിർമിക്കുമെന്ന് കെ.വി.സുമേഷ് അറിയിച്ചു. തീരദേശ റോഡ് പദ്ധതിയുടെ കൂടി പശ്ചാത്തലത്തിലാണ് കടൽഭിത്തി സുരക്ഷിതമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ആറാങ്കോട്ടം അതിർത്തി മുതൽ നീർക്കടവ് ശ്മശാനം വരെയുള്ള ഭാഗത്ത് കടൽഭിത്തി വലിയ രീതിയിൽ തകർന്നു വീണിട്ടുണ്ട്. ചിലയിടങ്ങളിൽ കടൽ ഭിത്തി പൂർണമായും തകർന്ന അവസ്ഥയിലുമാണ്. റോഡിലേക്കും പറമ്പുകളിലേക്കും തിരമാല ഇരച്ചു കയറിയ അനുഭവവും നിരവധി തവണ ഉണ്ടായിട്ടുണ്ട്. എം.എൽ.എ 50 ലക്ഷം രൂപ അനുവദിക്കുകയും പള്ളിയാംമൂല മുതൽ നീർക്കടവ് അരയ സമുദായ ശ്മശാനം വരെയുള്ള ഭാഗത്ത് റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു.