tms-
ജാതി സെൻസസിൽ തീയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് സഹായം ആവശ്യപ്പെട്ട് രാജീവ്‌ ചന്ദ്രശേഖറിന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകുന്നു

കാസർകോട്: കേരളത്തിലെ തീയ്യ സമുദായങ്ങളുടെ സ്വതന്ത്രമായ അംഗീകാരം സംബന്ധിച്ച ദീർഘകാല പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്, തീയ്യ മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ ഗണേഷ് അരമങ്ങാനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെന്നുകണ്ട് നിവേദനം നൽകി. തീയ്യർ ഈഴവരുടെ ഉപജാതി അല്ലെന്നും, ആചാര- അനുഷ്ഠാനങ്ങൾ കൊണ്ടും സാമൂഹിക-സാംസ്കാരിക പൈതൃകവും, ചരിത്രപരമായ നിലപാടുകളും, ജീവിത രീതികളും കൊണ്ട് വ്യത്യസ്തമാണെന്നും ഗണേഷ് അരമങ്ങാനം വിശദീകരിച്ചു. അതിനാൽ സർക്കാർ രേഖകളിൽ തീയ്യരെ പ്രത്യേക ജാതിയായി രേഖപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും തീയ്യ മഹാസഭാ ആവശ്യപ്പെട്ടു.

സ്കൂൾ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന-മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിൽ ഈഴവ/തീയ്യ എന്ന് ചേർത്ത് കാണിക്കുന്ന നടപടി സമൂഹത്തിന്റെ സ്വതന്ത്രമായ തിരിച്ചറിവിന് തടസമാകുന്നതായും അതിനാൽ അത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീയ്യ സമുദായത്തിന് മതിയായ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രാതിനിധ്യം ലഭിക്കാത്ത അവസ്ഥയിലാണ്. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ സമുദായം നേരിടുന്ന പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമ്മിഷൻ രൂപീകരിച്ച് ആവശ്യമായ ശുപാർശകളും പദ്ധതികളും നടപ്പാക്കണമെന്നും തീയ്യ മഹാസഭ ആവശ്യമുന്നയിച്ചു. ഇതോടൊപ്പം, തീയ്യരുടെ കൃത്യമായ ജനസംഖ്യ കണ്ടെത്താൻ പ്രത്യേക സെൻസസ് നടത്തുകയും, സമൂഹത്തിന് മതിയായ രാഷ്ട്രീയ-ഭരണ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. പൂരക്കളി, മറുത്തുകളി, വൈദ്യം, സംസ്‌കൃതം, കളരി തുടങ്ങി തീയ്യരുമായി ബന്ധപ്പെട്ട് കിടക്കുന്ന പൈതൃകം സംരക്ഷിക്കാൻ കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മലബാറിൽ ഹെറിറ്റേജ് വില്ലേജ് സെന്റർ കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം പഠിച്ച് അടിയന്തരമായി വേണ്ട നടപടികൾ ചെയ്യുമെന്ന് രാജീവ്‌ ചന്ദ്രശേഖർ ഉറപ്പ് നൽകി.

ജാതി സെൻസസിൽ തീയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് സഹായം ആവശ്യപ്പെട്ട്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകുന്നു