കണ്ണൂർ: കൂടുതൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് രണ്ടാംഘട്ടമായി നവീകരിച്ച ചൊവ്വയിലെ കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ പ്രവർത്തനം ഒന്നിന് ആരംഭിക്കും. വൈകീട്ട് 3.30ന് മിൽ അങ്കണത്തിൽ നടക്കുന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.പ്രകാശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാൽപത് വർഷത്തിലേറെ പഴക്കമുള്ള ഉപകരണങ്ങളെല്ലാം മാറ്റി. 2019 മുതൽ രണ്ടാംഘട്ട മിൽ നവീകരണം നടക്കുന്നുണ്ട്. 20.68 കോടി രൂപ ചെലവിട്ട നവീകരണം ആഗസ്തിൽ പൂർത്തിയായി.

ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കാണ്. ദിവസം മൂന്നു ടൺ നൂൽ ഉത്പാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി നാലു ടൺ ഉണ്ടാക്കാനാകും. നിലവിൽ പ്രവർത്തന ലാഭത്തിലാണ് മിൽ. മികച്ച ഗുണനിലവാരമുള്ള ഉത്പന്നമായതിനാൽ ഉത്പന്നം കെട്ടിക്കിടക്കുന്ന അവസ്ഥയില്ല. സ്‌കൂൾ യൂണിഫോമിനുള്ള നൂൽ ഇവിടെ നിന്നാണ് കൊടുക്കുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. മുംബയാണ് മില്ലിന്റെ പ്രധാന വിപണി.

നൂറോളം സ്ത്രീകളടക്കം 225 സ്ഥിരം ജീവനക്കാരാണുള്ളത്. ഉയർന്ന വൈദ്യുതി ബില്ലാണ് പ്രധാന ബാധ്യത. ഇതുമറികടക്കാൻ സോളാർ പദ്ധതിക്കുള്ള വിശദ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. 1956ൽ മദ്രാസ് സഹകരണ സൊസൈറ്റി നിയമപ്രകാരം സ്ഥാപിച്ച മിൽ കേരളത്തിലെ ഏറ്റവും പഴക്കമുള്ള മില്ലുകളിൽ ഒന്നാണ്.

1964 ലാണ് പ്രവർത്തനം തുടങ്ങിയത്. സൊസൈറ്റിയാണെങ്കിലും നിലവിൽ 97 ശതമാനം ഓഹരിയും സംസ്ഥാന സർക്കാരിനാണ്. മുൻ ചെയർമാൻ, എം.ഡി എന്നിവരെ ആദരിക്കൽ, മുൻ തൊഴിലാളികൾ അടക്കമുള്ളവരുടെ കുടുംബ സംഗമം, സാംസ്‌കാരിക സമ്മേളനം, പരീക്ഷയിൽ വിജയിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിക്കൽ, കലാപരിപാടി എന്നിവയും ഉദ്ഘാടന ചടങ്ങിന് ശേഷമുണ്ടാകുമെന്ന് ചെയർമാൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.ഡി സി.ആർ. രമേഷ്, അസി. എച്ച്.ആർ മാനേജർ വി. സുരേശൻ എന്നിവരും പങ്കെടുത്തു.