
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് അട്ടയോലിൽ ഇറങ്ങിയ കടുവ കാട്ടുപന്നിയെ പിടിച്ചു. പന്നിയെ പാതി തിന്ന് സമീപത്തെ മരച്ചുവീട്ടിൽ വിശ്രമിച്ച കടുവയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അങ്ങാടിക്കടവ് അട്ടയോലിമല റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് കർഷകനായ വള്ളിക്കാവുങ്കൽ മാത്യു എന്ന അപ്പച്ചൻ(68) കടുവയ്ക്ക് മുന്നിൽപെട്ടത്.
തന്റെ കൃഷിയിടത്തിൽ ഇറങ്ങുന്ന കുരങ്ങിനെ ഓടിക്കാനായി എത്തിയപ്പോഴാണ് മാത്യു കടുവയുടെ മുന്നിൽ പെട്ടത്. സമീപത്തെ പറമ്പിൽ നിന്നും കുരങ്ങുകൾ കൂട്ടമായി കരയുന്ന ശബ്ദം കേട്ട മാത്യു ചെറിയ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുന്നതിനിടയിലാണ് മരച്ചുവട്ടിൽ കടുവയുടെ മുന്നിൽപെട്ടത്. മൂന്ന് മീറ്ററോളം അകലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പേടിച്ചരണ്ട മാത്യു സമീപത്തെ കശുമാവിൽ കയറിയാണ് രക്ഷപ്പെട്ടത്. അരമണിക്കൂറോളം കടുവയുമായി മുഖാമുഖം കണ്ടതായി മാത്യു പറയുന്നു. ഫോൺ വിളിച്ചറിയിച്ചതനുസരിച്ച് ആളുകൾ എത്തുമ്പോഴേക്കും കടുവ മരച്ചുവട്ടിൽ നിന്നും താഴേ ഭാഗത്തേക്കിറങ്ങി പോവുകയായിരുന്നുവെന്ന് മാത്യു പറഞ്ഞു.
കടുവയെ കണ്ട സ്ഥലത്തിന് നൂറുമീറ്റർ ചുറ്റളവിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനടയായി പോകുന്ന പ്രദേശം കൂടിയാണ് ഇത്. കടുവയെ കണ്ട സ്ഥലത്ത് നിന്നും അങ്ങാടിക്കടവ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണുള്ളത്.വനമേഖലയിൽ നിന്നും 2 കിലോമീറ്റർ മാത്രം അകലത്താണ് ഈ സ്ഥലം.
കൊട്ടിയൂർ റേഞ്ചർ ടി.നിഥിൻ രാജിന്റെ നേതൃത്വത്തിൽ വനം വകുപ്പും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ എസ്.ഐ മുഹമ്മദ് നജ്മിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.വിദ്യാർത്ഥികളെ തനിയെ സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. സമീപത്തെ വീടുകൾ ഉൾപ്പെടെ രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
സ്ഥിരീകരിച്ച് വനംവകുപ്പ്
പാതി ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡവും കാൽപ്പാടുകളും പരിശോധിച്ച വനംവകുപ്പ് സംഘം കടുവ ആണെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി കാൽപ്പാടുകൾ വയനാട്ടിലേക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്ത് വനം ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. പന്നിയുടെ ജഡം അവിടെത്തന്നെ ഉള്ളതുകൊണ്ട് കടുവ വീണ്ടും എത്തുമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ആർ.ആർ.ടിയുടെ നേതൃത്വത്തിൽ രാത്രി ഉൾപ്പെടെ പരിശോധന നടത്തിയശേഷം ആവശ്യമെങ്കിൽ പ്രദേശത്തെ ക്യാമറ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റേഞ്ചർ അധികൃതർ അറിയിച്ചു.
നേരത്തെയും കടുവയിറങ്ങി
തുടിമരം, രണ്ടാം കടവ്, ഉരുപ്പം കുറ്റി എന്നിവിടങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പുലർച്ചെ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾ പല തവണ കടുവയുടെ അലർച്ച കേട്ടിരുന്നെങ്കിലും വനം വകുപ്പ് ഇത് ഗൗരവത്തിൽ എടുത്തിരുന്നില്ല. മാത്യു കടുവയെ നേരിൽ കണ്ടതോടെ പ്രദേശവാസികളെല്ലാം വലിയ ആശങ്കയിലാണ്. ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും ഉള്ള പ്രദേശമാണ് ഇവിടം. ടാപ്പിംഗ് സീസൺ തുടങ്ങാനിരിക്കെ വലിയ പ്രതിസന്ധിയിലാണ് ഇവിടത്തെ കർഷകരും തൊഴിലാളികളും.