മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ വരുന്നതിന് പെർമിറ്റില്ലെന്ന് കാണിച്ച് പുതുച്ചേരി സർക്കാർ- സഹകരണ ബസ്സുകളെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞത് ഇന്നലെ വീണ്ടും സംഘർഷത്തിനിടയാക്കി. ഇതേത്തുടർന്ന് മാഹി അതിർത്തിയിൽ കേരള റജിസ്‌ട്രേഷൻ ഓട്ടോകളെ മാഹി പെർമിറ്റ് ഇല്ലാത്തതിന്റെ പേരിൽ മാഹിയിലേക്ക് പ്രവേശിക്കുന്നത് മാഹി ആർ.ടി.ഒ. തടയുമെന്നറിയിച്ച് താക്കീത് ചെയ്തു.
മോട്ടോർ വാഹന നിയമം സെക്ഷൻ 192 (എ) പ്രകാരം പതിനായിരം രൂപ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്ന് റെയിൽവേ സ്റ്റേഷനടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ മാഹി അതിർത്തിയിലെത്തി മാഹി ആർ.ടി.ഒ.വിനെ ചോദ്യം ചെയ്തു. പ്രദേശത്ത് ഇന്നലെ ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ സംഘർഷാവസ്ഥ നിലനിന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരേയും, സ്‌കൂൾ ബസ്സുകളുമടക്കം ഇരുചക്ര വാഹനങ്ങൾ വരെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികൾ കേരള അതിർത്തിയിൽ തടഞ്ഞുവച്ചു. ഇത് ഇരു വിഭാഗം ജനങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും, സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
മാഹി ചോമ്പാൽ പൊലീസ് എത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് മാഹി ഗവ: ഹൗസിൽ കേരള- മാഹി ആർ.ടി.ഒ മാർ, പൊലീസ് ഓഫീസർമാർ ,ബസ്സ് ഓട്ടോ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേരുന്നുണ്ട്.