കണ്ണൂർ: കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാൻ 'തീരദേശ പഠനവും മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യ പരിശോധനയും പ്രൊജക്ടിൽ ജില്ലാപഞ്ചായത്തുമായി കണ്ണൂർ സർവകലാശാല ധാരണാപത്രത്തിൽ ഒപ്പിട്ടു. സർവകലാശാലയ്ക്ക് വേണ്ടി രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസും ജില്ലാ പഞ്ചായത്തിന് വേണ്ടി സെക്രട്ടറി ടൈനി സൂസൺ ജോണുമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ പഞ്ചായത്തുകളെയും അവയുടെ കടലോരത്തെയും പ്രത്യേകമായി നിരീക്ഷിക്കും. തീരദേശത്തെ ജലസ്രോതസ്സുകളിൽ അടിഞ്ഞു കൂടുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങളും പഠന വിധേയമാക്കും.
ജില്ലാപഞ്ചായത്തിന്റെ ദുരന്ത നിവാരണ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പാണ് പദ്ധതി വിഭാവനം ചെയ്തത്. വിവര സാങ്കേതിക വിദ്യ, റിമോട്ട് സെൻസിംഗ് ജി.ഐ.എസ് എന്നിവയുടെ സഹായത്തോടെയും തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വായനശാലകൾ ഉൾപ്പടെയുള്ള സംവിധാനങ്ങളും വഴി ജനകീയ പഠനമാതൃകയിലുമാണ് പഠനം. പദ്ധതിക്കായി 6. 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയും സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജുവും പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ഗംഗാധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ യു.പി.ശോഭ, അംഗങ്ങളായ സി.പി ഷിജു, എം.രാഘവൻ, പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ.വി മുകന്ദൻ, പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി.കെ പ്രേമൻ, ജൂനിയർ സൂപ്രണ്ട് ചിത്രൻ, പ്രൊഫ. എ.അശോകൻ, ഐ.ക്യു.എ.സി ഡയറക്ടർ പ്രൊഫ. അനൂപ് കേശവൻ, പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ഡോ. ടി.കെ.പ്രസാദ് പങ്കെടുത്തു.