ഇരിട്ടി: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ഇരിട്ടി, മട്ടന്നൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച മിനി ജോബ് ഫെയറിൽ വിവിധ ജോലികളിലേക്ക് 55 പേർക്ക് നിയമനം ലഭിച്ചു. 175 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ചാവശ്ശേരി ഗവ. ഹൈസ്‌കൂളിൽ 25 കമ്പനികളിലേക്ക് നടന്ന അഭിമുഖത്തിൽ 400 ൽ പരം തൊഴിൽ അന്വേഷകരാണ് പങ്കെടുത്തത്. പത്താം തരം, വി.എച്ച്.എസ്.സി, ബിരുദ-ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കും മെഡിക്കൽ, പാരാമെഡിക്കൽ, ഐ.ടി.ഐ, പോളിടെക്‌നിക്, ബി.ടെക് പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും മേളയിൽ അവസരമുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലാധുധൻ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന കുടുംബശ്രീ ക്യാമ്പയിനും തുടരുകയാണ്. കില ഫാക്കൽറ്റി പി.വി രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, പായംപഞ്ചായത്ത് പ്രസിഡന്റ് പി.രജനി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ തുടങ്ങിയവർ പങ്കെടുത്തു.