പയ്യന്നൂർ: പയ്യന്നൂരിലെ പ്രധാന യാത്രാ മാർഗ്ഗമായ ബൈപ്പാസ് ഉൾപ്പെടെയുള്ള റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ഓഫീസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
രാവിലെ 11 ഓടെയാണ് നിയോജക മണ്ഡലം പ്രസിഡന്റ് നവനീത് നാരായണന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിൽ എത്തിയത്. കവാടത്തിൽ നിലയുറപ്പിച്ച പൊലീസ് വലയം ഭേദിച്ച് പ്രവത്തകർ ഓഫീസിന് മുന്നിലെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ നടത്തിയ ശ്രമം ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിച്ചു. ഇതിനിടയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഓഫീസിൽ നിന്ന് സമരക്കാരുടെയടുത്തെത്തി. സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ചെയർപേഴ്സൺ ആശുപത്രിയിൽ ചികിത്സ തേടി. തുടർന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്തു.
മാസങ്ങളോളം അടച്ചിട്ട് ലക്ഷക്കണക്കിന് രൂപ ചെലവാക്കി പണി പൂർത്തീകരിച്ച റോഡ് , പ്രവൃത്തി നടത്തി ദിവസങ്ങൾ കഴിഞ്ഞ ഉടനെ തന്നെ തകർന്നുവെന്നും കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപെട്ടായിരുന്നു യൂത്ത് കോൺഗ്രസ്സ് സമരം.
നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ ,ദിലിൻ വിത്തൻ, പ്രണവ് തട്ടുമ്മൽ, അരുൺ ആലയിൽ, ഭരത് ഡി.പി, അർഷാദ് കാവ്വായി, അർജുൻ കൊറോം, നവനീത് ഷാജി, കെ.അഖിൽ, ശരീഫ് ഏച്ചിലാംപാറ നേതൃത്വം നൽകി.