മട്ടന്നൂർ: ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ കാട്ടുപോത്തിനെ, രണ്ട് ദിവസത്തെ ആസൂത്രിത ശ്രമത്തിൽ വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടി. ശനിയാഴ്ച ഉച്ചയോടെയാണ് വനം വകുപ്പിന്റെ വിദഗ്ധ സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കുകയും, ആരോഗ്യവാൻ എന്ന് ഉറപ്പുവരുത്തിയ ശേഷം വനത്തിനുള്ളിൽ തുറന്നുവിടുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് കിളിയങ്ങാട് ഭാഗത്ത് നാട്ടുകാർ കാട്ടുപോത്തിനെ ആദ്യമായി കാണുന്നത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത കാടുമൂടി കിടക്കുന്ന സ്ഥലത്ത് നിലയുറപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂർ ഡിവിഷനിലെ മൂന്ന് റേഞ്ചുകളിലെ സ്റ്റാഫും ആറളം വൈൽഡ്‌ലൈഫിലെ സ്റ്റാഫും കണ്ണൂർ ആർ.ആർ.ടി വെറ്ററിനറി സർജൻ ഡോ. ഇലിയാസ് റാവുത്തറും അടങ്ങുന്ന സംഘം കാട്ടുപോത്തിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ, വെളിച്ചം കുറവായതിനാൽ ദൗത്യം താത്കാലികമായി ശനിയാഴ്ചത്തേക്ക് മാറ്റിവച്ചു. ഡോ. ഇലിയാസ് റാവുത്തർ, ഡോ. മുഹമ്മദ് സിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പോത്തിനെ വെടിവച്ചു മയക്കിയത്.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ശശികുമാറിന്റെ നിർദേശത്തിൽ അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് പ്രദീപ് കുമാർ, കണ്ണൂർ ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്ത്, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനി കുമാറിന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി. അംഗങ്ങൾ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.കെ.മഹേഷ്, രജീഷ് കുമാർ, പ്രമോദ് എന്നിവരടങ്ങിയ 30 പേരുടെ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.