കണ്ണൂർ: മത്സ്യ ബന്ധനത്തിനിടെ തോണി മറിഞ്ഞ് കടലിൽ അകപ്പെട്ട രണ്ട് പേരെ ലൈഫ് ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തി. കടലിൽ അകപ്പെട്ട ഒഡീഷ സ്വദേശികളായ സുഭാഷ് (41), സുന്യാ (46) എന്നിവരെ പയ്യാമ്പലത്തെ ലൈഫ് ഗാർഡ് ഡേവിഡ് ജോൺസണാണ് രക്ഷിച്ച് കരയിലെത്തിച്ചത്. മറിഞ്ഞ തോണിയിൽ തട്ടി ഇരുവർക്കും നിസാര പരിക്കേറ്റു. തോണി ഭാഗികമായി തകർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും കോസ്റ്റൽ പൊലീസും ചേർന്ന് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

പയ്യാമ്പലത്തെ പൊലീസ് എയ്ഡ് പോസ്റ്റിനടുത്തു നിന്നും 200 മീറ്ററോളം ദൂരെ തീരത്തോട് ചേർന്നായിരുന്നു അപകടം. രാവിലെ എട്ടുമണിയോടെ പ്രഭാത സവാരിക്കെത്തിയവരാണ് തോണി മറിഞ്ഞ നിലയിൽ കണ്ടത്. ഉടനെ ലൈഫ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. ആയിക്കരയിൽ നിന്നും ഇന്നലെ രാവിലെ ഏഴു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ആയിക്കരയിലെ സജീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ശക്തമായ തിരയിൽ പെട്ട് മറിഞ്ഞത്. ലൈഫ് ഗാർഡ് ഡേവിഡ് ജോൺസന്റെ സമയോചിതമായ രക്ഷാപ്രവർത്തനമാണ് നീന്തൽ അറിയാത്ത ഇരുവരുടെയും ജീവൻ രക്ഷിച്ചത്.

ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടും കോസ്റ്റൽ ബോട്ടും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. കോസ്റ്റൽ പൊലീസ് എ.എസ്.ഐ സലിലേഷ്, അസി. ഫയർ സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ടൗൺ പൊലീസും സ്ഥലത്തെത്തിയിരുന്നു.