പഴയങ്ങാടി: ഏഴോം കൂറുമ്പ കാവ് ക്ഷേത്രത്തിൽ നിന്ന് 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മറ്റി പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ് കുമാറിന് നിവേദനം നൽകി. 2021 ആഗസ്റ്റ് ആദ്യവാരത്തിലാണ് മോഷണം നടന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാനോ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തുവാനോ പൊലീസിന് സാധിച്ചിരുന്നില്ല. എം.വിജിൻ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും സി.പി.എം നേതാക്കളും വിവിധ ഘട്ടങ്ങളിലായി അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴും പ്രതികളെ ഉടൻ കണ്ടെത്തുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ക്ഷേത്ര ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി തുടർ അന്വേഷണത്തിനായി പയ്യന്നൂർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് ജനങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി.മോഹനൻ, കെ.വി.സന്തോഷ്, ലോക്കൽ സെക്രട്ടറി എം.കെ.സുകുമാരൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, ടി.വി.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈ.എസ്.പിയെ കണ്ട് നിവേദനം നൽകിയത്.
ഇരുട്ടിൽ തപ്പി പഴയങ്ങാടി പൊലീസ്
പഴയങ്ങാടി: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിൽ തുമ്പുണ്ടാക്കാനാകാതെ പൊലീസ്. പട്ടാപ്പകൽ പോലും വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയിട്ടും യാതൊരുവിധ തെളിവുകളും കിട്ടാതെ അന്വേഷണസംഘം നട്ടം തിരിയുകയാണ്. പ്രതിഭാ ടാക്കീസിനു സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന രണ്ട് വാടക ക്വാട്ടേഴ്സിൽ നിന്ന് 48,000 രൂപ കളവ് പോയതിന് തൊട്ടു പിന്നാലെ പ്രതിഭ ടാക്കീസിനു സമീപമുള്ള തൊഴിലുറപ്പ് തൊഴിലാളിയായ കെ. നളിനിയുടെ വീട് കുത്തി തുറന്ന് അഞ്ചുപവൻ സ്വർണാഭരണവും സി.സി ടിവി ക്യാമറയും മോഷണം പോയത് പൊലീസിന് നാണക്കേടാണ്. മോഷണം നടന്നതിന് പിന്നാലെ ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണ ചടങ്ങ് നടത്തുക മാത്രമാണ് നടന്നത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിൽ മോഷണം നടന്നപ്പോൾ കാഞ്ഞങ്ങാട് മിന്നൽ ആസിഫിനെ പയ്യന്നൂർ ഡിവൈ.എസ്.പിയുടെ അന്വേഷണം സംഘം പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ച പ്രതി ആഭരണങ്ങൾ കണ്ണൂരിലെ ഒരു ജുവലറിയിൽ വിറ്റതായി പറഞ്ഞു. പട്ടാപ്പകൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തുന്നത് ആസിഫ് ആണെങ്കിൽ നളിനിയുടെ വീട്ടിൽ കയറി മോഷണം നടത്തിയത് ആരാണെന്ന ചോദ്യവും ഉയരുന്നു. നാല് വർഷം മുമ്പ് ഏഴോം കൂർമ്പ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് 15 പവൻ തിരുവാഭരണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്താതെ കിടക്കുന്നു. കൂടാതെ മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ മോഷണം, ഇതിനു സമീപമുള്ള ക്ഷേത്രശില്പി പവിത്രന്റെ വീട്ടിൽ നിന്ന് സ്വർണവും മൂന്നുലക്ഷം രൂപയും കവർന്നത്, മാടായി സഹകരണ ബാങ്കിന്റെ മൊട്ടാമ്പ്രം ശാഖയുടെ പൂട്ട് തകർത്ത സംഭവം, ഇതിനു സമീപമുള്ള മൂന്ന് കടകളിൽ നടന്ന മോഷണം തുടങ്ങി എല്ലാ അന്വേഷണവും നിലച്ച നിലയിലാണ്.