മാഹി: കണ്ണൂരിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ജില്ലാ അതിർത്തിയായ ന്യൂമാഹി ടൗണിലെ പൊലീസ് ഔട്ട് പോസ്റ്റിന്റെ കവാടം അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ചൊക്ലി, കൂത്തുപറമ്പ്, പള്ളൂർ, പന്തക്കൽ, ഒളവിലം, ചൊക്ലി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന ജംഗ്ഷനാണിത്.
ഏഴ് കിലോ മീറ്റർ അകലെ, ഉൾനാടൻ പ്രദേശത്താണ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ന്യൂമാഹി പഞ്ചായത്തിന്റെ ഹൃദയ ഭാഗമാണ് ജനത്തിരക്കും വാഹനത്തിരക്കുമേറിയ ഈ ജംഗ്ഷൻ.
ദേശീയപാത മാഹിപ്പാലം ജംഗ്ഷനിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി ദശകങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റ്. ദേശീയപാതയിലെ ദീർഘദൂര ബസുകളുടെ മത്സരയോട്ടം തടയാനും ക്രമസമാധാന പാലനത്തിനും സ്ഥാപിച്ച ഈ കേന്ദ്രത്തിന്റെ മേൽക്കൂരയിലും തറയിലും കാടുകയറി നാശോന്മുഖമായിട്ടുണ്ട്. 2006ൽ കോടിയേരി ബാലകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോഴാണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്. ദീർഘദൂര ബസ്സുകൾ നിർത്തി ഒപ്പിട്ട് പോകാറാണ് പതിവ്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ എ.എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാരാണുണ്ടായിരുന്നത്. ഹോംഗാർഡും ഉണ്ടായിരുന്നു. വളരെ നല്ലനിലയിൽ പ്രവർത്തിച്ച ഈ ഔട്ട്പോസ്റ്റ് നാട്ടുകാർക്ക് ഒരനുഗ്രഹം തന്നെയായിരുന്നു. ഔട്ട് പോസ്റ്റിൽ സ്ഥിരംപൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്.
മാഹി ബസിലിക്കയിൽ തിരുനാൾ അടുത്തിരിക്കെ, ജില്ലാ അതിർത്തിയിലെ ഔട്ട് പോസ്റ്റ് ഉപയോഗശൂന്യമായി മാറുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. പോസ്റ്റിന് സമീപം സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
സാമൂഹ്യവിരുദ്ധരുടെ താവളം
മാഹിയിൽ നിന്നും മദ്യപരായ അന്യനാട്ടുകാരെ രാത്രികാലങ്ങളിൽ മാഹി പൊലീസ് അതിർത്തി കടത്തിവിടും. ഇവർ മാഹി പാലത്തെ പഞ്ചായത്ത് ബസ്സ് ഷെൽട്ടറിലും, കടവരാന്തകളിലും വീണ് കിടക്കും. ഛർദ്ദിയും, മലമൂത്രവിസർജ്ജനവും ഇവിടെ തന്നെയാണ്. മാത്രമല്ല ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾക്കും ഇവിടം പലപ്പോഴും വേദിയാവും. രാത്രികാലമായാൽ നിരോധിത ലഹരി വസ്തുക്കളുടെ പ്രധാന താവളം കൂടിയാണിത്. നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രവുമാണ്.