sabeel

കണ്ണൂർ: പയ്യാമ്പലം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ മുഹമ്മദ് സാദിന്റെ മുഖ്യസഹായി പിടിയിൽ. പെരളശേരി മുണ്ടല്ലൂർ ചെറു മാവിലായിയിലെ ദാറുൽ ഹംദിലെ എ.സബീലിനെയാണ് (23) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിലിരുന്നാണ് പിടിയിലായ സാദിന്റെ ചെവിയിലെ ഹെഡ്സെറ്റിലേക്ക് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത്. കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റ അനലൈസർ ആയി ജോലി ചെയ്തുവരികയാണ് സബീൽ. സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച നടന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഗ്രേഡ് 1തസ്തികയ്ക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയുണ്ടായത്. പി.എസ്.സി വിജിലൻസ് സംഘം മൈക്രോ ക്യാമറ,റൂട്ടർ,ബ്ലൂടൂത്ത് ഉപകരണങ്ങളുമായി പരീക്ഷയെഴുതുന്ന സാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരീക്ഷാഹാളിൽ നിന്നും ഓടിയ ഇയാളെ പൊലീസാണ് പിടികൂടിയത്. സാദിനെ അടുത്ത ദിവസം വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.