മാഹി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാഹി കോ-ഓപ്പറേറ്റീവ്, പി.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതും യാത്രക്കാരെ കയറ്റുന്നതും സമയക്രമം പാലിക്കാത്തതുമായ പ്രശ്നങ്ങൾ സംബന്ധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലുണ്ടായിരുന്ന സംഘർഷത്തിന് താൽക്കാലിക വിരാമമായി. മാഹി പൊലീസ്, മാഹി ആർ.ടി.ഒ. ബസ് ജീവനക്കാരുടെ പ്രതിനിധികൾ, വടകര ആർ.ടി.ഒ. ചോമ്പാല പൊലീസ്, ഓട്ടോ തൊഴിലാളികളുടെ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പരിഹാരമായത്. ദിവസവും രാവിലെ 6.30 മണി മുതൽ രാത്രി 9 മണി വരെ 20 മിനുറ്റിന്റെ ഇടവേളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പി.ആർ.ടി.സി യുടേയും മാഹി ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും ബസ്സുകൾ സർവ്വീസ് നടത്തും. ഒരു സമയം ഒരു ബസ്സ് മാത്രമേ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരാൻ പാടുള്ളൂ. ബസ് ആളെ ഇറക്കി കയറ്റിയതിന് ശേഷം 5 മിനുട്ടിൽ കൂടുതൽ അവിടെ നിർത്തുവാൻ പാടില്ല. ബസ് എൻജിൻ ഓഫ് ചെയ്ത് ആളുകളെ വിളിച്ച് കയറ്റുവാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ബസുകളുടെ പുതിയ ടൈം ഷെഡ്യൂൾ മാഹി ട്രാൻസ്പോർട്ട് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ വ്യതിയാനങ്ങളിൽ അപ്പോൾ യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടാവുകയാണെങ്കിൽ, ചോമ്പാല പൊലീസ് എസ്.എച്ച്.ഒ. മാഹി പൊലീസ് സി.ഐ എന്നിവരെ ബന്ധപ്പെട്ട് പരിഹാരം കാണണം. നാല് സഹകരണ ബസുകളും നാല് സർക്കാർ ബസുംകളും ഇതോടെ ഓടിത്തുടങ്ങി.