snake
snake

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഒമ്പത് വർഷത്തിനിടെ 884 പേർ മരിച്ചവരിൽ ഭൂരിഭാഗവും പാമ്പുകടിയേറ്റ്. ഇതിൽ 594 പേർ വനത്തിന് പുറത്ത് പാമ്പ്, കടന്നൽ തുടങ്ങിയവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പാമ്പുകടി മരണം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കടിയേറ്റവർക്ക് നൽകുന്ന ആന്റിവെനം കേരളത്തിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ പിടികൂടി കാട്ടിൽ വിടുന്നതിന് മുമ്പ് വിഷമെടുത്താണ് ആന്റിവെനം (പ്രതിവിഷം) ഉണ്ടാക്കുക. ഇതിന് വ്യവസായ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.

'പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം' പദ്ധതിയിൽ 25 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ് രാജ്യത്തെ ഏറ്റവും വിഷമുള്ള പാമ്പുകൾ. ഇവയുടെ വിഷത്തിനെതിരെ ഫലപ്രദമാണ് നിലവിലുള്ള ആന്റിവെനം. തമിഴ്‌നാട്ടിലെ ഇരുള ട്രൈബൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഇപ്പോൾ കൊണ്ടുവരുന്നത്. എന്നാൽ ഈ നാലു പാമ്പുകളെ കൂടാതെ കരയിൽ വിവിധയിനത്തിൽ പെട്ട പാമ്പുകളുമുണ്ട്. ഇതിൽ വിഷം കുറഞ്ഞതും കടിയേറ്റാൽ മരണം സംഭവിക്കാത്തവയുമുണ്ട്. എന്നാൽ ഇവയുടെയൊന്നും പ്രതിവിഷം എവിടെയുമില്ല. കടൽപാമ്പുകളും വിഷമുള്ളതാണ്. അവ കടിച്ചും മരണമുണ്ടാകുന്നുണ്ട്. ഇതിനും ആന്റിവെനം ലഭ്യമല്ല. വിഷമില്ലാത്ത പാമ്പിന്റെ കടിയേറ്റവർക്കും നിലവിലുള്ള ആന്റിവെനം കൊടുക്കേണ്ട സ്ഥിതിയുണ്ട്. ഇത് മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

പൂർണ വളർച്ചയെത്തിയ പാമ്പുകളിൽ നിന്നാണ് വിഷം ശേഖരിച്ച് പാമ്പിന്റെ ഇനം, കണ്ടെത്തിയ സ്ഥലം തുടങ്ങിയവ രേഖപ്പെടുത്തും. പിന്നീട് താപനില കുറച്ച വിഷം ചെറിയ അളവിൽ കുറേക്കാലം കുതിരയിൽ കുത്തിവയ്ക്കുമ്പോൾ അതിന്റെ ശരീരത്തിൽ വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡിയുണ്ടാകും. ഒരു ബൂസ്റ്റർ ഡോസ് വിഷമേറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽ നിന്നും പ്രതിവിഷമടങ്ങിയ സിറം വേർതിരിക്കും.

ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന പാമ്പുകൾ....15,000

(വർഷത്തിൽ)

പാമ്പുകടി മരണം പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ആരോഗ്യ, വിദ്യാഭ്യാസവകുപ്പുകളുടെ സഹകരണത്തോടെ തീവ്രശ്രമം നടത്തുന്നു.

-മുഹമ്മദ് അൻവർ

നോഡൽ ഓഫിസർ,

'സർപ്പ'