വടകര: മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ താങ്ങും തണലുമാകാനായി ആരംഭിച്ച സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ നിന്നുമുള്ള സഹായധന വിതരണം വൈകുന്നതായി പരാതി. മേയ് - ജൂൺ മാസങ്ങളിൽ ലഭിക്കേണ്ട 3000 രൂപയാണ് ഇതേവരെ വിതരണം നടക്കാത്തത്. ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നവർക്ക് ജൂലായ് - ആഗസ്ത് മാസങ്ങളിലാണ് വിതരണം നടക്കേണ്ടിയിരുന്നത്. വർഷത്തിൽ മൂന്നുതവണയായി 500 രൂപ വീതം മത്സ്യത്തൊഴിലാളി വിഹിതവും 500 രൂപ കേന്ദ്രവും 500 രൂപ സംസ്ഥാന സർക്കാരുകളും നീക്കിവെച്ച് 4500 രൂപയാണ് ധനം സഹായമായി ലഭിക്കേണ്ടത്. ഇതിൽ 1500 രൂപ മാത്രമാണ് ഇതിനകം വിതരണം ചെയ്തത്. ഇതിൽ കേന്ദ്ര, സംസ്ഥാന വിഹിതം ലഭിച്ചില്ല.
ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയുടെ വക്കിലായിരിക്കും. കാലാവസ്ഥാ വ്യതിയാനം മത്സ്യലഭ്യതയെ സാരമായി ബാധിച്ചതോടെ ഈ വർഷം മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലാണ്. വടകര നഗരസഭ പരിധിയിൽ മൂന്ന് മത്സ്യ ഗ്രാമങ്ങളാണുള്ളത്. മൂന്നിലുമായി 2500 ൽ പരം രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളുണ്ട്. ഓണം അടുക്കാറായെങ്കിലും സമാശ്വാസ സഹായമില്ലാത്തത് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെല്ലാം പട്ടിണിയുടെ വക്കിലാണ്.
ഒരു ദിവസം കടലിൽ പോയി വരാൻ 6000 രൂപയോളം ഇന്ധന ചെലവ് വരുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന വലകൾ കടൽപ്പാറകളിൽ കുരുങ്ങിയും ഏടിയും പേത്തയും (കടൽത്തവള) മുറിച്ചും നാശം സംഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് കടലിനോട് മല്ലിട്ട് തീൻമേശകളിൽ മത്സ്യവിഭവങ്ങൾ എത്തിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സമാശ്വാസ ധനം വിതരണം ചെയ്യണമെന്ന് പരക്കെ ആവശ്യം ഉയരുകയാണ്.
ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഓരോ മത്സ്യത്തൊഴിലാളിയും തൊഴിൽ ഏർപ്പെടുന്നത്. പഞ്ഞ മാസങ്ങളിൽ അടുപ്പിൽ തീപുകയും എന്ന ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ അവരുടെ വിഹിതം കൃത്യമായി നൽകിയത്. എന്നാൽ സഹായനിധി കൃത്യമായി വിതരണം ചെയ്തിട്ടില്ല.
മൂക്കോളി മമ്മു മത്സ്യത്തൊഴിലാളി, അഴിത്തല ഭാഗം
മുഴുവൻ ജനവിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് മത്സ്യാഹാരം. എന്നാൽ അത് കരയിലെത്തിക്കാൻ കടലിൽ മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പലതും പരിഗണിക്കപ്പെടാതെ പോകുകയാണ്. മഞ്ഞ മാസത്തിൽ വിതരണം ചെയ്യാനുള്ള ധനസഹായം എങ്കിലും കൃത്യമായി നൽകാൻ അധികൃതർ തയ്യാറാകണം.
പി.വി ഹാഷിം, കൗൺസിലർ, കടലോര മേഖല,വടകര നഗരസഭ