അമ്പലവയൽ: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച മദ്യവുമായി ആയിരംകൊല്ലി സ്വദേശി പിടിയിൽ. പ്രഭാനിവാസിൽ എ.സി. പ്രഭാത് (47) ആണ് 37 ലിറ്റർ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിരോധനയിലാണ് മദ്യവുമായി പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ സി.ഡി. സാബു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷണൻകുട്ടി, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ. രഘു, കെ. മിഥുൻ, എം. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ടി. ഫസീല എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഓണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം കർശന പരിശോധനകളാണ് നടത്തിവരുന്നതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.ജെ. ഷാജി അറിയിച്ചു.