sathi
ഹാർബറിലേക്കുള്ള പ്രവേശന കവാടത്തിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

ബേപ്പൂർ: ഹാർബറിൽ അനധികൃത പാർക്കിംഗ്, അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യൽ എന്നിവ മൂലം ഗതാഗതക്കുരുക്ക് തുടർക്കഥയാകുകയാണ്. രാവിലെ മത്സ്യം ബോട്ടുകളിൽ നിന്നും ഇറക്കി വില്പന നടക്കുന്ന സമയത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. മത്സ്യം നിറക്കുന്ന ബോക്സുകൾ അലക്ഷ്യമായി യാതൊരു നിയന്ത്രണവുമില്ലാതെ ഹാർബറിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതും ഹാർബർ റോഡിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻവശം ഇരുചക്ര വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ഹാർബറിൽ അനധികൃതമായി ആഴ്ചകളോളം പാർക്ക് ചെയ്യുന്ന വാഹനങ്ങളും ലോ ലെവൽ ജട്ടിയിൽ കയറ്റി വെച്ച ഫൈബർ വള്ളങ്ങളും നീക്കം ചെയ്യുമെന്ന് പറയുകയല്ലാതെ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മത്സ്യം വിവിധ കമ്പനികളിലേക്കുള്ള കയറ്റുമതിയുടെ ഭാഗമായെത്തുന്ന വൻകിട വാഹനങ്ങൾ പ്രവേശന കവാടത്തിന് സമീപം മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഓണം, നബിദിനം എന്നിവ പ്രമാണിച്ച് ഹാർബറിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.

ഹാർബറിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ താല്ക്കാലിക ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ഉടൻ തന്നെ ഹാർബറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം അല്ലാത്ത പക്ഷം സമരനടപടികളിലേക്ക് കടക്കും.

കരിച്ചാലി പ്രേമൻ, പ്രസിഡന്റ്, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ