പേരാമ്പ്ര: കിഴക്കൻ മലയോര പ്രദേശമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ ഗ്രാമമേഖലകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായതായി പരാതി. കിഴക്കൻ ഗ്രാമങ്ങളായ ഒടുക്കുഴി, പൂവ്വത്തുംചോല, വട്ടച്ചിറ, കണിയാമ്പാറ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായെന്ന് പ്രദേശവാസികൾ പറഞ്ഞു. കാർഷിക മേഖലകളായ ഇവിടെ രാത്രിയായാൽ വന്യജീവി ശല്യവും രൂക്ഷമാണ്. നടുവിളയിനങ്ങളായ കപ്പ, ചേന, ചേമ്പ് തുടങ്ങിയവ വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്ന് കർഷകർ പറഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് ഇവിടെ കാട്ടുപന്നികൾ ഉൾപെടെ നശിപ്പിക്കുന്നത്. വിവിധ ഗ്രാമീണ റോഡുകളിലെ പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ പ്രകാശിപ്പിച്ചാൽ ഒരു പരിധി വരെ വന്യജീവികളുടെ ശല്യം തടയാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിലവിൽ കൂരാച്ചുണ്ട് ടൗണിൽ മാത്രമേതെരുവുവിളക്ക് കത്തുന്നുള്ളൂ. ടൗൺ പരിസരത്തെ പൊതുവഴികൾ, റോഡുകൾ മിക്കതും ഇരുട്ടിലാണ്. വന്യമൃഗ ശല്യവും തെരുവു നായ്ക്കളുടെ ശല്യവും കൂടുതലുള്ള മേഖലകളാണ് ഇവ. സ്ഥാപിക്കപ്പെട്ട പല തെരുവുവിളക്കുകൾ മാസങ്ങൾ കഴിയുമ്പോഴേക്കും ഫ്യൂസായി പോവുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൾബുകൾ പുന:സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിരവധി തെരുവ് വിളക്കുകളാണ് കൂരാച്ചുണ്ട് ടൗൺ പരിസരത്തെ കാർഷിക മേഖലകളിൽ പ്രവർത്തന
രഹിതമായിരിക്കുന്നത്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളാണ് ഇവയിൽ പലതും. തെരുവുവിളക്കുകൾ പുന സ്ഥാപിക്കുന്നതോടെ വന്യജീവി ഭീഷണി തടയാനും കൃഷിയിനങ്ങൾ ഒരു പരിധിവരെ സംരക്ഷിക്കാനും കഴിയും.
പ്രേമൻകൂരാച്ചുണ്ട് , സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി