മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതോടെ ഈ മാസം ക്ലളാസുകൾ ആരംഭിക്കുമെന്ന് സൂചന. നാഷണൽ മെഡിക്കൽ കമ്മീഷൻ അമ്പതു സീറ്റുകളാണ് അനുവദിച്ചത്. ഇവയിൽ 43 സീറ്റുകൾ കേരളത്തിൽനിന്നുള്ളവർക്കും ഏഴെണ്ണം ഓൾ ഇന്ത്യ ലെവലിലുമാണ് നൽകുന്നത്. മെഡിക്കൽ കോളേജിനോടു ചേർന്നു 45 കോടി രൂപ മുടക്കി നിർമിച്ച മൾട്ടി പർപ്പസ് ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ക്ലാസുകൾ സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമായി വന്നാൽ ആറാംനിലയും ലക്ചറർ ഹാളായി ഉപയോഗപ്പെടുത്തും. ഫിസിയോളജി, അനാട്ടമി, ബയോ കെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വിഷയങ്ങളാണ് ഒന്നാം വർഷം പഠിക്കാനുണ്ടാവുക. ഈ മാസം22ന് ക്ലാസുകൾ തുടങ്ങാനാണ് എൻ.എം.സി നിർദേശിച്ചിട്ടുള്ളത്. 12 ാം തിയ്യ നിമുതൽ 19 വരെ പ്രവേശനത്തിനു സമയം ലഭിക്കും. പുതിയ മെഡിക്കൽ കോളേജായതിനാൽ ക്ലാസ് തുടങ്ങാൻ ഒരാഴ്ച അധികം സമയമെടുക്കും. ലാബ് സജ്ജീകരിക്കാനുള്ള എല്ലാ ഉപകരണങ്ങളും മെഡിക്കൽ കോളേജിലെത്തിയിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെയാണ് ലാബ് സജ്ജീകരണം ഏറ്റെടുത്തിരിക്കുന്നത്. മാനന്തവാടി താഴയങ്ങാടി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ഭവന നിർമ്മാണ ബോർഡിന്റ് കീഴീലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ പെൺകുട്ടികളെ പാർപ്പിക്കാൻ ധാരണയായിട്ടുണ്ട്. കെട്ടിടം ലീസിനെടുത്ത് ആൺകുട്ടികൾക്കുള്ള താമസസൗകര്യം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. മാനന്തവാടി തഹസിൽദാരുടെ സഹായത്തോടെ ഇതിനായി ഒന്നിലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിനോടു ചേർന്നു പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ കെട്ടിടം ആൺകുട്ടികളുടെ താമസ സൗകര്യത്തിനായി ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. അധ്യയനം തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ്.എസ്. മിനി പറഞ്ഞു. അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷം ഈ മാസം അവസാനം തന്നെ ക്ലാസുകൾ തുടങ്ങുമെന്നാണ് സൂചന. വനംവകുപ്പിന്റെ ഉടമസ്ഥതയിൽ മാനന്തവാടി അമ്പുകുത്തിയിലുള്ള സ്ഥലം മെഡിക്കൽ കോളേജിനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിലവിലുള്ള ആശുപത്രിയിൽനിന്നു ഈ സ്ഥലത്തേക്ക് ഏകദേശം ഒന്നരക്കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. മെഡിക്കൽ കോളേജിനു അക്കാദമിക് കെട്ടിടം നിർമിക്കാൻ ഈ സ്ഥലവും സർക്കാർ പരിഗണിക്കുന്നതായാണ് സൂചന.