onam
onam

കോഴിക്കോട്: ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മൂന്നാം ഓണവും കളറായി. തിരുവോണത്തെ അപേക്ഷിച്ച് അൽപ്പം ആലസ്യത്തിലായിരുന്നു ആഘോഷങ്ങൾ. തിരുവോണത്തോടെ അത്തപ്പൂക്കളങ്ങൾ അവസാനിച്ചെങ്കിലും പലരും പൂത്തറ നിലനിറുത്തി തുമ്പക്കുടവും തുളസിയും കൊണ്ട് തൃക്കാക്കരയപ്പനെ മൂടി പൂജ നടത്തി. തിരുവോണ നാളിലെ ഓണസദ്യയും പൂക്കളമിടലും കഴിഞ്ഞ് ആളുകൾ ബന്ധുവീടുകൾ സന്ദർശിക്കാനും ആഘോഷിക്കാനും കൂട്ടത്തോടെ എത്തി.സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് പരിപാടി ആസ്വദിക്കാനും നിരവധി പേരെത്തി. ബീച്ച് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു.

നബി ദിനാഘോഷം ഇന്നലെയും തു‌ടർന്നതിനാൽ റാലിയും മധുരം നൽകലുമുണ്ടായിരുന്നു. വെയിലായതിനാൽ പലരും ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിലെത്തിയത്. അതോടെ തിരക്കും രൂക്ഷമായി. ഏറെ പണിപ്പെട്ടാണ് പൊലീസ് കുരുക്കഴിച്ചത്. പൊലീസ്, വനിതാ പൊലീസ്, പിങ്ക്‌ പൊലീസ്, മഫ്‌ത്തി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. പ്രധാന വിനോദ കേന്ദ്രങ്ങളായ ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറ, സരോവരം, കാപ്പാട്, വടകര സാന്റ്ബാങ്ക്സ്, കക്കയം, കരിയാത്തുംപാറ, സർഗാലയ, ലുലു മാൾ എന്നിവിടങ്ങളിലേക്കാണ് ജനം ഇരച്ചെത്തിയത്. വൈകിട്ട് ബീച്ചും പരിസരവും ജനസാഗരമായി മാറി. രണ്ട് ദിവസമായി നഗരത്തിലെ തിയേറ്ററുകളും ഹൗസ് ഫുള്ളായിരുന്നു.

 ആഘോഷമായി നബിദിനവും

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ. ഇത്തവണ തിരുവോണ നാളിൽ തന്നെയായിരുന്നു നബി ദിനവുമെങ്കിലും ഇന്നലെയും മദ്രസകളിലും പള്ളികളിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടന്നു. വൈകിട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പള്ളികളിൽ മൗലീദ് പാരായണവും അന്നദാനവുമുണ്ടായിരുന്നു.