കൽപ്പറ്റ: തിരുവോണനാളിൽ കളക്ടറേറ്റിനു മുൻപിൽ നെൽക്കർഷകർ കഞ്ഞിവെപ്പ് സമരം നടത്തി. സംഭരിച്ച നെല്ലിന്റെ തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വയനാട് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെൽ കർഷകർ കഞ്ഞിവെപ്പ് സമരം നടത്തിയത്. കളക്ടറേറ്റിന്റെ പ്രധാന കവാടത്തിനു മുൻപിൽ അടുപ്പുകൂട്ടി കഞ്ഞി പാകം ചെയ്തു. തുടർന്ന് ഇല കൊണ്ട് തയ്യാറാക്കിയ കുമ്പിളിൽ കഞ്ഞി ഭക്ഷിച്ചാണ് കർഷകർ മടങ്ങിയത്. പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച് മൂന്നുമാസം കഴിയുമ്പോഴും സംഭരിച്ച നെല്ലിന്റെ തുക വിതരണം ചെയ്തിട്ടില്ല. കേന്ദ്ര കേരള സർക്കാറുകൾ കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കർഷകർ പറയുന്നു. അടുത്ത കൃഷിയുടെ നെല്ല് സംഭരിക്കുന്നത് ഡിസംബർ മാസത്തിലാണ്. എന്നാൽ കൃഷിയിറക്കുക പോലും ചെയ്യാതെ എങ്ങനെ ഡിസംബറിൽ നെല്ല് കൈമാറാൻ കഴിയുമെന്ന് കർഷകർ ചോദിക്കുന്നു. സംഭരിച്ച നെല്ലിന്റെ തുക ഉടൻ നൽകിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.