chinnan

മാനന്തവാടി: കാട്ടാനയെതുരത്തുന്നതിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചറുടെ ഭർത്താവിന് ഗുരുതര പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് (50) പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന് വിവരം ലഭിച്ച ചിന്നൻ പടക്കവുമായി കാട്ടാനയെ തുരത്താൻ പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ അയൽവാസിയായ രമേശൻ കാട്ടാനയുടെ മുമ്പിൽപ്പെട്ടു അലറിക്കൊണ്ട് രമേശൻ ഓടുന്ന ശബ്ദം കേട്ട് റോഡിലേക്ക് ഇറങ്ങിയ ചിന്നൻ ആനയുടെ മുമ്പിൽ പെടുകയായിരുന്നു. പിൻതിരിഞ്ഞൊടുന്നതിനിടയിൽ ആന ചിന്നനെ അടിച്ചു വീഴ്ത്തി. വീണത് കാപ്പിചെടിക്ക് ഇടയിൽ ആയതിനാലും വീട്ടുകാർ ഒച്ചവെച്ചതിനാലും ചിന്നൻ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾക്കും, തോളെല്ലിനും പൊട്ടൽ ഏറ്റ ചിന്നനെ മാനന്തവാടി മെഡിക്കൽ കോളേജിലെപ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബാവലി ഫോറസ്റ്റ് സെക്കക്ഷനിലെ വാച്ചറായ ദേവിയുടെ ഭർത്താവാണ് പരിക്കേറ്റ ചിന്നൻ.