മുറിച്ചത് - 152 മരങ്ങൾ
കോഴിക്കോട്: മാനാഞ്ചിറ - മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണപ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ
റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടത് യാത്രക്കാർക്കും കച്ചവടക്കാർക്കും തലവേദനയാവുന്നു. 5.5 കിലോമീറ്ററിൽ 152 കൂറ്റൻ മരങ്ങളാണ് പി.ഡബ്യുയു.ഡി 9 ലക്ഷം രൂപയോളം മുടക്കിമുറിച്ചു മാറ്റിയത്. ഇവ സിവിൽ സ്റ്റേഷന്റെ സമീപവും പാലാട്ടുതാഴം, സി.എച്ച് മേൽപാലം ജംഗ്ഷനിലും സി.എസ്.എസ് റിട്രീറ്റ് സെന്റർ തുടങ്ങിയ ഭാഗങ്ങളിലെ റോഡ് അരികിലും വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇപ്പോൾ റോഡിലിറങ്ങിയാണ് കാൽനടയാത്രക്കാർ നടക്കുന്നത്. മാത്രമല്ല വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടിയിട്ടതോടെ ഓണ വിപണിയിൽ പോലും കച്ചവടം നടക്കാതെ നൂറിലേറെ വ്യാപാരികളാണ് പ്രയാസത്തിലായത്.
സി.എച്ച് മേൽപാലം ജംഗ്ഷനിൽ സി.എസ്.ഐ റിട്രീറ്റ് സെന്ററിനു സമീപത്ത് വ്യാപാര സ്ഥാപനങ്ങൾക്കു മറവായി പത്തിലധികം മീറ്റർ ഉയരത്തിലാണ് മരങ്ങൾ കൂട്ടിയിട്ടത്. നടപ്പാതയിലേക്കും മരങ്ങൾ തള്ളി നിൽക്കുന്നതിനാൽ തിരക്കുള്ള റോഡിലിറങ്ങി വേണം യാത്രക്കാർക്ക് നടക്കാൻ. ഇതോടൊപ്പം ഓട നിർമാണത്തിനായി രണ്ടര മീറ്റർ വീതിയിൽ കുഴി വെട്ടിയതോടെ വ്യാപാര സ്ഥപനങ്ങളിലേക്കു വാഹനം കയറാത്ത അവസ്ഥയാണ്. ഓണാഘോഷത്തിന് മുൻപ് മരകഷ്ണം മാറ്റുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
ലേലം വെെകുന്നു
പൊതുലേലത്തിൽ വച്ചിട്ടും ആവശ്യക്കാർ എത്താത്തതുകൊണ്ടാണ് മരങ്ങൾ മാറ്റാൻ സാധിക്കാത്തതെന്ന് പി.ഡബ്യുയു.ഡി ഉദ്യോഗസ്ഥർ പറയുന്നു.മൂന്ന് തവണ ലേലം നടന്നെങ്കിലും ആവശ്യക്കാരുണ്ടായില്ല. 152 മരങ്ങളുടെ തടികൾക്ക് വനം വകുപ്പ് നിശ്ചയിച്ചത് 20 ലക്ഷം രൂപയാണ്. എന്നാൽ ലേലത്തിനെത്തിയവർ പറഞ്ഞ വില രണ്ട് ലക്ഷമാണ്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം വീണ്ടും ലേലനടപടി തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സിവിൽ സ്റ്റേഷൻ മുതൽ മലാപ്പറമ്പ് ജംഗ്ഷൻ വരെ 1080 മീറ്റർ, എരഞ്ഞിപ്പാലം - മലാപ്പറമ്പ് 940 മീറ്റർ, എരഞ്ഞിപ്പാലം - മാനാഞ്ചിറ 3300 മീറ്റർ എന്നിങ്ങനെ മൂന്ന് റീച്ചുകളിലായി നിർമാണം പുരോഗമിക്കുകയാണ്. നഗരത്തിൽ മൃഗാശുപത്രി മുതൽ ഈസ്റ്റ് നടക്കാവ് വരെയുള്ള ഭാഗം മണ്ണു മാറ്റി വീതികൂട്ടലും റോഡ് ലെവലിംഗും പൂർത്തിയായിട്ടുണ്ട്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല മിഡ് ലാൻഡ‌് പ്രോജക്ടിസിനാണ്.