d

കൽപ്പറ്റ: തന്റെ വീട്ടിൽ നിന്നും മദ്യവും സ്‌ഫോടക വസ്തുക്കളും പിടികൂടിയ സംഭവത്തിൽ പിടിയിലായ പ്രസാദ് ഡമ്മി പ്രതി മാത്രമെന്ന് കുറ്റ വിമുക്തനായ തങ്കച്ചൻ പറഞ്ഞു. യഥാർത്ഥ പ്രതികൾ കാണാമറയത്താണ്. പിന്നിൽ കോൺഗ്രസ് നേതാക്കളായ ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ഡി.സി.സി സെക്രട്ടറി അഡ്വ.പി.ഡി സജി, മുൻ മണ്ഡലം പ്രസിഡന്റ് കടുപ്പിൽ ഷിനോ തോമസ്, നെല്ലേടം ജോസ് തുടങ്ങിയവരാണ്. പി.ഡി സജിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിടിച്ചടക്കാനുള്ള ശ്രമം തടസപ്പെടുത്തിയതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കളുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കും. നേതാക്കൾക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ പൗലോസ് തുടങ്ങിയ നേതാക്കൾ കൂടെനിന്നു. എം.എൽ.എ ജയിലിൽ സന്ദർശനം നടത്തി. മോശപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്നും ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഓണം പോലും ജയിലിലായി. പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്.

പുൽപ്പള്ളി പൊലീസും തന്നോട് നീതി കാണിച്ചില്ല. വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമ്പോൾ തന്നെ നിരപരാധിയാണെന്ന് പറഞ്ഞിരുന്നു. അവരത് കേൾക്കാനേ തയ്യാറായില്ല. പ്രാഥമികമായി അന്വേഷണം നടത്തിയിരുന്നുവെങ്കിൽ താൻ ജയിലിൽ കഴിയേണ്ടി വരുമായിരുന്നില്ല. ഭാര്യയും മക്കളും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് സി.ഐ ബിജു ആന്റണി നടത്തിയ അന്വേഷണത്തിലാണ് താൻ നിരപരാധിയാണെന്ന് കണ്ടെത്തിയത്.

കേസിലെ യഥാർത്ഥ പ്രതികളിൽ ഒരാളായ മരക്കടവ് പുത്തൻവീട്ടിൽ പി.എസ് പ്രസാദ് (41) നെ കേസിൽ അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്നും മദ്യം വാങ്ങിയത് പ്രസാദാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സിസി.ടി.വി ദൃശ്യങ്ങളും ഗൂഗിൾ പേ രേഖകളും തെളിവായി കണ്ടെത്തി. തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കോടതിയിൽ പ്രത്യേക അപേക്ഷ നൽകി തങ്കച്ചനെ വെറുതേവിട്ടു. ഞായറാഴ്ച തങ്കച്ചൻ ജയിൽ മോചിതനായി. കഴിഞ്ഞമാസം 22ന് രാത്രി 11 മണിയോടെയാണ് തങ്കച്ചന്റെ വീട്ടിലെ കാർപോർച്ചിൽ നിന്നും മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത തങ്കച്ചനെ തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചൻ. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് തങ്കച്ചന്റെ ബന്ധുക്കൾ പറഞ്ഞു.