കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ കോൺഗ്രസിനെ വെട്ടിലാക്കി പുതിയ വിവാദം. നിരപരാധിയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവമാണ് പുതിയ വിവാദത്തിന് കാരണം. പുൽപ്പള്ളി മരക്കടവ് സ്വദേശി കാനാട്ട്മലയിൽ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്‌ഫോടക വസ്തുവും കൊണ്ടുവെച്ച് ജയിലിൽ ആക്കിയ സംഭവമാണ് കോൺഗ്രസ് നേതൃത്വത്തെ പിടിച്ചു കുലുക്കുന്നത്. വയനാട്ടിലെ കോൺഗ്രസിനകത്ത് ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചൻ. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.ഡി. സജി അടക്കമുള്ള നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് തങ്കച്ചൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മുൻ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുൻപ് പുതിയ വിവാദം ഉടലെടുത്തത് കോൺഗ്രസിനെ വെട്ടിലാക്കി. എൻ.എം വിജയന്റെ കേസിലും ഇപ്പോഴത്തെ നിരപരാധിയെ ജയിലിൽ അടച്ച കേസിലും പ്രതിസ്ഥാനത്തുള്ളത് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളാണ്. ഡി.സി.സി പ്രസിഡന്റിനെ മാറ്റാൻ കോൺഗ്രസ് മാസങ്ങളായി നീക്കം നടത്തിവരികയാണ്. സമവായത്തിൽ എത്താൻ കഴിയാത്തതാണ് ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ വൈകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തത്ക്കാലം തൽസ്ഥിതി തുടരട്ടെ എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് മാറുന്നതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തത്. വയനാട്ടിലെ കോൺഗ്രസിന്റെ ഏറ്റവും ശക്തി കേന്ദ്രങ്ങളാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങൾ. മുള്ളൻകൊല്ലിയിൽ നടന്ന വികസന സെമിനാറിനിടെ ഡി.സി.സി പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർച്ചയായി വയനാട്ടിൽ നിന്നും കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ വാർത്തകൾ വരുന്നത് കെ.പി.സി.സിയെ കുഴക്കുന്നുണ്ട്. അതേസമയം കെ.പി.സി.സിക്ക് പല വിഷയങ്ങളിലും പരാതികൾ ലഭിക്കുമ്പോൾ ഉടനടി തീരുമാനമെടുക്കാത്തതാണ് വിഷയങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ഗ്രൂപ്പിൽ അതീതമായി പ്രവർത്തിക്കുന്ന നേതാക്കൾ പറയുന്നു.