sathi
വലിയ ടാങ്കറിൽ നിന്നും ചെറിയ ടാങ്കറിലേക്ക് ഡീസൽ നിറക്കുന്നു

ബേപ്പൂർ: നിയമാനുസൃതമായ ഇന്ധന വിതരണത്തെ അവഗണിച്ച് ഹാർബറിലൊഴുകുന്നത് അനധികൃത ഡീസൽ. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻകിട ടാങ്കറുകളിൽ ഹാർബറിന് സമീപം കൊണ്ടുവന്ന് മിനി ടാങ്കറുകളിലേക്ക് നിറച്ച് ഹാർബറിലെത്തിച്ചാണ് യാനങ്ങൾക്ക് നൽകുന്നത്. വഴിയിൽ വെച്ച് ഇന്ധനം മറ്റു ചെറിയ ടാങ്കറുകളിലേക്ക് നിറക്കുന്നത് നിയമവിരുദ്ധവും അപകട സാദ്ധ്യതയേറെയാണെന്നുമാണ് അധികൃതർ പറയുന്നത്.

250 ലധികം വൻകിട ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഒരു ബോട്ടിന് ഒരു ടേൺ മത്സ്യബന്ധനത്തിന് മാത്രം 5000 ലിറ്റർ ഡീസൽ ആവശ്യമാണ്. അനധികൃത ഡീസൽ വിതരണം വ്യാപിച്ചതോടെ ഹാർബറിലെ അംഗീകൃത ബങ്കുകൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇവിടെ ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയവരാണ് അനധികൃത ഇന്ധന വിതരണത്തെ ആശ്രയിക്കുന്നത്. ഇതുമൂലം അംഗീകൃത ബങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാവുകയാണ്.

പരാതി നൽകിയിട്ടും മാറ്റമില്ല

ഹാർബറിൽ അനധികൃത ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ പോലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, തുറമുഖ വകുപ്പ്, ലീഗൽ മെട്രോളജി എന്നീ വിഭാഗങ്ങൾക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഹാർബർ റോഡ് ജംഗ്ഷനിലെ ഒരു ഐസ് പ്ലാൻ്റ് വളപ്പിലാണ് വൻകിട ടാങ്കറുകളിൽ നിന്നും മിനി ടാങ്കർ ലോറിയിലേക്ക് ഡീസൽ നിറക്കുന്നത്. ഡീസൽ നിറക്കുന്ന സമയത്ത് താഴെ ഭൂമിയിൽ പരക്കുന്ന ഡീസൽ ഭൂമിയിലേക്ക് ഇറങ്ങി സമീപത്തെ കിണറുകൾ മലിനമാവുമെന്നാരോപിച്ച് സമീപത്തെ ഗുരുക്കൾ കാവ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മായം കലർന്ന ഡീസലാണ് ഹാർബറിലേക്ക് എത്തുന്നതെന്നും ആരോപണമുയരുന്നുണ്ട്. രാത്രിയും പുലർച്ചയും ഹാർബറിലേക്ക് എത്തുന്ന ബോട്ടുകളിൽ സീസൽ നിറക്കാൻ സൗകര്യമില്ലാത്തതിനാലാണ് മിനി ടാങ്കറിൽ ഡീഡൽ എത്തിക്കുന്നതെന്നാണ് പറയപ്പെടുന്നത്.