വടകര: നാരായണ നഗരം ഗ്രൗണ്ടിലേക്കും ഇൻഡോർ സ്റ്റേഡിയത്തിലേക്കും എത്തിച്ചേരാനുള്ള റോഡ് ഉപയോഗയോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. വടകര - തിരുവള്ളൂർ റോഡിൽ നിന്ന് നാരായണ നഗറിലേക്ക് പ്രവേശിക്കുന്ന വഴി കുളം കണക്കെ വെള്ളക്കെട്ടായി മാറിയിട്ടും മുൻസിപ്പൽ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് വ്യാപാരികളും സമീപവാസികളും പറയുന്നത്. ഇതിൽ പ്രതിഷേധത്തിലാണ് ഇവർ.
ദേശീയപാതയിലെ ഗതാഗതകുരുക്ക് രൂക്ഷമാവുമ്പോൾ ഇതുവഴി തിരുവള്ളൂർ റോഡിലേക്ക് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചാൽ വലിയ ആശ്വാസമാകുമായിരുന്നു. ദേശീയപാതയിലുണ്ടാവുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുന്ന വഴിയാണിത്. കാൽനട യാത്രക്കാർക്കും പ്രദേശവാസികൾ വീടുകളിലേക്ക് കാൽനടയായി നടക്കാനോ കഴിയാത്ത സാഹചര്യമാണ്. ഓണക്കാലത്തെ വിപണിയിൽ പ്രതീക്ഷ വച്ചിരുന്ന പല സ്ഥാപനങ്ങൾക്കും മറ്റും റോഡ് വിനയാവുകയാണ്.
വിവിധ സ്പോർട്സ് സംഘടനകളുടെ പരിശീലന കേന്ദ്രം കൂടിയായ നാരായണ നഗരം ഗ്രൗണ്ടിൽ കായിക താരങ്ങൾക്ക് എത്താൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്. നാരായണ നഗരം നവകേരള സദസിന്റെ വേദിയായസമയത്ത് ഈ റോഡ് മെറ്റലിട്ട് നിരപ്പാക്കിയിരുന്നു. താത്ക്കാലികമായി ഉപയോഗപ്രദമായെങ്കിലും കനത്ത മഴ പെയ്തതോടെ റോഡ് കുളം കണക്കായി മാറുകയായിരുന്നു. നഗര ഹൃദയത്തിലെ സുപ്രധാന കേന്ദ്രത്തിലേക്കുള്ള റോഡ് ഇത്തരത്തിൽ ആയിതീർന്നിട്ടും നവീകരിക്കാനോ. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ച് പണി പൂർത്തീകരിക്കാനോ നഗരസഭാ തയ്യാറാവുന്നില്ല ആക്ഷേപവുമുണ്ട്.
"സമ്മേളനങ്ങളും പൊതുപരിപാടികളും നടക്കുന്ന ഏറ്റവും സുപ്രധാന കേന്ദ്രത്തിലേക്കുള്ള റോഡാണ് കുളമായി കിടക്കുന്നത്. നഗരസഭ ഭരണസമിതിയെ നിരന്തരം അറിയിച്ചിട്ടും ഗൗനിക്കുന്നേയില്ല. "
റീജ പറമ്പത്ത്, വാർഡ് കൗൺസിലർ - നാരായണ നഗരം