twin-bin-
എരഞ്ഞിപ്പാലം അരയിടത്തുപാലം ബൈപാസിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ

കോഴിക്കോട്: നവീകരിച്ച റോഡുകളും പൂച്ചട്ടികൾ നിറഞ്ഞ ഫുട്പാത്തുകളുമായി നഗരം അഴകാവുമ്പോഴും വിട്ടൊഴിയാതെ മാലിന്യം. വിവിധയിടങ്ങളിൽ സ്ഥാപിച്ച ട്വിൻ ബിന്നുകൾ നിറഞ്ഞ് മാലിന്യപ്പൊതികൾ ഫുട്പാത്തിൽ കിടക്കുകയാണ്. യഥാസമയം മാലിന്യ സംസ്‌കരണം നടത്താൻ കഴിയാതെ കോർപ്പറേഷനും കുരുക്കിലാവുന്നു. മാലിന്യത്തിൽ

ഭക്ഷണം തേടിയെത്തുന്ന തെരുവുനായകളുടെ പരാക്രമവും മിക്കയിടത്തും കാണാം.

ഓണം പോലുള്ള ആഘോഷങ്ങൾ കഴിയുന്നതോടെ നഗരത്തിന്റെ പാതയോരങ്ങളും മറ്റും മാലിന്യത്താൽ നിറയുന്ന കാഴ്ച ഇപ്പോൾ പതിവാണ്. പ്രധാനമായും എരഞ്ഞിപ്പാലം ബൈപ്പാസിനാണ് ഈ ദുർഗതി. സരോവരം ബയോപാർക്കിനടുത്തും

മറ്റുമായി കണ്ടൽക്കാടുകളിലും കനോലിക്കനാലിലും മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. എരഞ്ഞിപ്പാലം വിട്ടാൽ നടക്കാവ് - വയനാട് റോഡിലും കണ്ണൂർ റോഡിലും മെഡിക്കൽകോളേജ് റോഡിലുമെല്ലാം ഇതേ കാഴ്ചയാണ്.

പലയിടത്തും സി.സി.ടി.വികൾ പ്രവർത്തിക്കുന്നുണ്ടെന്നും അത് പരിശോധിച്ചുള്ള നടപടികളിലേക്ക് അധികൃതർ പോകുന്നില്ലെന്ന പരാതിയുമുണ്ട്.

ട്വിൻബിന്നുകളിൽ വേർതിരിവില്ലാതെ മാലിന്യം

വഴിയരികിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്രത്യേകമായി നിക്ഷേപിക്കാവുന്ന ട്വിൻബിന്നുകൾ കോർപറേഷൻ സ്ഥാപിച്ചത്. പക്ഷെ ഇതിൽ ഇപ്പോഴും വേർതിരിവില്ലാതെയാണ് മാലിന്യം തള്ളുന്നത്. നടക്കാനിറങ്ങുന്നവർ വീട്ടിലെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായാണ് ഇതിനെ കാണുന്നത്.

ഇതോടെ ബിന്നുകൾ നിറഞ്ഞ് പുറത്തേക്കൊഴുകുകയാണ്.

ട്വിൻ ബിന്നുകൾ സ്ഥാപിച്ചത് സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും കയ്യിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാനാണ്. പക്ഷെ വീടുകളിലെയും മറ്റും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായാണ് പലരും ഇതിനെ കാണുന്നത്. വാഹനങ്ങളിൽ പോകുമ്പോൾ ബിന്നിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞുപോകുന്ന കാഴ്ചയും പതിവാണ്. ട്വിൻ ബിന്നുകളിൽ

മാലിന്യം വേർതിരിച്ചിടാത്തത് ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഡോ.എസ്.ജയശ്രി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ