kudumbasree
കുടുംബശ്രീ

കോഴിക്കോട്: ഓണവിപണിയിൽ കോളടിച്ച് കുടുംബശ്രീ. വിപണനമേള, പോക്കറ്റ് മാർട്ട്, കുടുംബശ്രീ കഫേ യൂണിറ്റുകളുടെ ഓണസദ്യ, സി.ഡി.എസ്‌ തല ഓണക്കിറ്റ്, ഹോംഷോപ്പ് തുടങ്ങിയവയിലൂടെ നാല് കോടി 88 ലക്ഷം രൂപയുടെ നേട്ടമാണ് ജില്ലാ മിഷൻ നേടിയത്. 'പോക്കറ്റ് മാർട്ട് ദ കുടുംബശ്രീ സ്റ്റോർ' എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി 799 രൂപ വിലവരുന്ന 5000 ഗിഫ്റ്റ് ഹാമ്പറുകളാണ് കുടുംബശ്രീ ഒരുക്കിയിരുന്നത്. ഇതിന് ജില്ലയിൽ മികച്ച പങ്കാളിത്തമുണ്ടായി. ഇക്കുറി ആദ്യമായാണ് ഗിഫ്റ്റ് ഹാമ്പറുകൾ ഒരുക്കിയത്.

 ഹിറ്റായി ഓണസദ്യ

ഈ വർഷം മുതൽ ആരംഭിച്ച ഓണസദ്യ വമ്പൻ ഹിറ്റായി. ഓണസദ്യയൊരുക്കി കഫേ യൂണിറ്റുകൾ നേടിയത് 9,47,600 രൂപയാണ്. ജില്ലാതലത്തിൽ കാൾ സെന്റർ വഴി 4120 സദ്യ ഓർഡറുകളാണ് ലഭിച്ചത്. തൂശനില, ചോറ്, അവിയൽ, സാമ്പാർ, കാളൻ, തോരൻ, അച്ചാറുകൾ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, രണ്ടുതരം പായസം എന്നിവയായിരുന്നു സദ്യയിലുണ്ടായിരുന്നത്.

ഓണക്കിറ്റും

വിപണനമേളകളും

ജില്ലയിലെ 82 സി.ഡി.എസുകളാണ് കുടുംബശ്രീ സംരംഭകരുടെ ഉത്‌പന്നങ്ങൾമാത്രം ഉൾപ്പെടുത്തി 4,100 കിറ്റുകൾ തയ്യാറാക്കിയത്. ഇതിലൂടെ 30,75000 രൂപയുടെ വിറ്റ് വരവുണ്ടായി. 148 കുടുംബശ്രീ ഓണം പ്രദർശന- വിപണന മേളകളിലൂടെ 3.41 കോടി നേടി. സാന്ത്വനം വോളന്റിയേഴ്‌സ്, ഹരിത കർമ്മസേന അംഗങ്ങൾ, ബഡ്സ് സ്ഥാപനങ്ങളിലെ ഉത്പ്പന്നങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, വിഷരഹിത പച്ചക്കറികൾ (ഓണക്കനി), അത്തപ്പൂക്കളം ( നിറപ്പൊലിമ ) തുടങ്ങിയ ഉത്പ്പന്നങ്ങൾ സജീവമായിരുന്നു. പ്രാദേശിക മേളകളിൽ 6020 സംരംഭകരുടെ പങ്കാളിത്തമുണ്ടായി.നബാർഡിന്റെ സഹായത്തോടെ സംഘടിപ്പിച്ച ജില്ലാതല വിപണന മേളയ്ക്കും കുടുംബശ്രീ ഭക്ഷ്യ മേളയ്ക്കും വൻസ്വീകാര്യതയാണുണ്ടായത്. ഇതിലൂടെ 6,38,483 രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലയിലെ ഏക ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമായ സബർമതി 1.07 കോടിയുടെ ഉത്‌പന്നങ്ങൾ വിറ്റു. കുടുംബശ്രീ ഉത്പന്നങ്ങൾ ഓർഡർ അനുസരിച്ച് വീട്ടുപടിക്കൽ എത്തിക്കുന്ന ഹോം ഷോപ്പ് ഓണർമാർക്കും അധികവരുമാനം കണ്ടെത്താനും സാധിച്ചു.

ഓണ വിപണി വരുമാനം

 പ്രദർശന- വിപണന മേള..........3.41 കോടി

ഓണസദ്യ................................................9,47,600 രൂപ

ഓണക്കിറ്റ്..............................................30,75000 രൂപ

 ഭക്ഷ്യ- വിപണന മേള........................6,38,483 രൂപ