ബേപ്പൂർ: യന്ത്രത്തകരാർ മൂലം സർവീസ് നിറുത്തി വെച്ച യാത്രാബോട്ടിന് പകരം പുതിയ യാത്ര ബോട്ട് പ്രവർത്തനമാരംഭിച്ചു. നിശ്ചലമായ ബേപ്പൂരിലെ ജങ്കാർ ജെട്ടിക്ക് സമീപം ചാലിയാറിൽ നിർമ്മിച്ച താത്ക്കാലിക ജെട്ടിയാണ് യാത്ര ബോട്ടിലേക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും സജ്ജമാക്കിയിട്ടുള്ളത്. ജെട്ടിയിലേക്ക് കയറുന്ന ഭാഗത്ത് കരിങ്കൽ ചീളുകൾ അലക്ഷ്യമായി കൂട്ടിയിട്ടാണ് ബോട്ടിലേക്ക് കയറാനുള്ള വഴിയൊരിക്കിയിരിക്കുന്നത്. കരിങ്കൽ ചീളുകൾക്ക് മുകളിലൂടെ താത്ക്കാലിക പാലത്തിലേക്ക് നടക്കണമെങ്കിൽ അഭ്യാസിയാകണമെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിൻ്റെ കൈവരികൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. കാലൊന്ന് തെന്നിയാൽ താഴെ ചാലിയാറാണ്. ബോട്ടിൽ നിന്നിറങ്ങണമെങ്കിലും അഭ്യാസമറിഞ്ഞിരിക്കണം എന്നതാണ് സ്ഥിതി. ബോട്ട് യാത്ര സുരക്ഷിതമാണെങ്കിലും ജെട്ടിയിലേക്കുള്ള വഴി ഉടൻ തന്നെ യാത്രാ യോഗ്യമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ചാലിയാറിൽ ഉല്ലാസ ബോട്ടായി സർവീസ് നടത്തിയിരുന്ന കടൽക്കര എന്ന ബോട്ടാണ് സർവീസ് നടത്തുന്നത്.