കോഴിക്കോട്: ഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ എക്സൈസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് കോളേജ് വിദ്യാർത്ഥികളടക്കം 187 പേർ. കഴിഞ്ഞ മാസം നാലിന് ആരംഭിച്ച ഡ്രൈവിൽ സെപ്തബംർ ഏഴുവരെ മയക്കുമരുന്ന് കേസുകളിലായി 66 പേരും അബ്കാരി കേസുകളിലായി 121 പേരും അകത്തായി. മയക്കുമരുന്ന്, അബ്കാരി, പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് എന്നിങ്ങനെ 663 കേസുകളും രജിസ്റ്റർ ചെയ്തു. ആകെ 906 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 45 റെയ്ഡുകളും നടത്തി. 5383 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന്‌ കേസിൽ രണ്ടും അബ്കാരിയിൽ 10 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പുകയില കേസുകളിൽ 80,000 രൂപ പിഴ ചുമത്തി. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് എക്സെെസ് ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് ഇന്നലെ അവസാനിച്ചു.

24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ്, രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീം, ബോർഡിംഗ് പട്രോളിംഗ്, ഹൈവേ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് എന്നിവയുമുണ്ടായിരുന്നു. വാറ്റിന് സാദ്ധ്യതയേറിയ മലയോര - വനമേഖലകളിലെല്ലാം കർശന പരിശോധനയാണ് നടന്നത്.

 ആകെ രജിസ്റ്റർ ചെയ്ത കേസുകൾ: 663

അബ്കാരി: 193

മയക്കുമരുന്ന്: 70

പുകയില ഉത്പന്നങ്ങൾ കടത്ത്: 400

കള്ള് ഷാപ്പിലെ പരിശോധന: 381

സ്കൂൾ പരിസരത്തെ പരിശോധന: 67

പിടിച്ചെടുത്ത ലഹരിവസ്തുക്കൾ

എം.ഡി.എം.എ - 3.76 ഗ്രാം

മെതാംഫെറ്റമിൻ - 171.39 ഗ്രാം

കഞ്ചാവ് - 37.19 കിലോ

കഞ്ചാവ് ചെടികൾ - 6

ബ്രൗൺ ഷുഗർ - 3.69 ഗ്രാം

വാഷ് - 6020 ലിറ്റർ

ചാരായം - 53 ലിറ്റ‌ർ

അനധികൃത മദ്യം - 30.130 ലിറ്റർ

അന്യസംസ്ഥാന മദ്യം - 366.845