ബാലുശ്ശേരി: രാപ്പകൽ വ്യത്യാസമില്ലാതെ അറവു മാലിന്യത്തിൽ നിന്നുള്ള വെള്ളം റോഡിലൂടെ ഒഴുകുന്നത് നിത്യസംഭവം. ഉള്ളിയേരി മുതൽ പൂനൂർ വരേയുള്ള പാതയിലൂടെ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് ജനം. മുമ്പ് രാത്രിയിലും പുലർച്ചെയുമായിരുന്നു കൊണ്ട് പോകുന്നതെങ്കിൽ ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതായിരിക്കുകയാണ്. അറവുമാലിന്യം നിറച്ച് പോകുന്ന വാഹനങ്ങളിൽ നിന്ന് ദുർഗന്ധമുള്ള വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവാണ്. ഈ ദുർഗന്ധം മണിക്കൂറുകളോളം നീണ്ടുനില്ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരം മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകാത്ത വിധം കൊണ്ടു പോകണമെന്നാണ് വ്യവസ്ഥയെങ്കിലും അതൊന്നും ഗൗനിക്കാതെയുള്ള പ്രവൃത്തിയാണ് തുടരുന്നതെന്നും നാട്ടുകാർ പറയുന്നു. അധികൃതർ അറവ് ശാലകളിലും ഇറച്ചിക്കടകളിലും കൃത്യമായി പരിശോധന നടത്തിയാൽ ഒരു പരിധിവരെ ഇവ ഒഴിവാക്കാനാകും. ഓരോ കടക്കാരും അറവ് മാലിന്യങ്ങൾ സംസ്കരിക്കുന്നത് എവിടെയാണെന്നും ഏത് തരം വാഹനങ്ങളിലാണ് കൊണ്ട് പോകേണ്ടതെന്നുമുള്ള കർശന നിർദ്ദേശങ്ങൾ കൊടുക്കേണ്ടതും അത്യാവശ്യമാണെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാവുന്ന ഇത്തരം പ്രവ‌ൃത്തികളിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അറവുമാലിന്യവുമായി രാപ്പകലില്ലാതെ റോഡിലൂടെ വണ്ടിയിൽ കൊണ്ടുപോകുന്നതിനാൽ നാട്ടുകാർക്കും യാത്രക്കാർക്കും മറ്റും ദുർഗന്ധം മൂലം വലിയ പ്രയാസമാണ്. ഇതിന് എത്രയും പെട്ടന്ന് ശാശ്വതമായ പരിഹാരം കാണണം.

മനോജ് കുന്നോത്ത്, സാമൂഹ്യ പ്രവർത്തകൻ