മുക്കം: ഓർഫനേജ് കോളേജിനടുത്ത് പൊറ്റശ്ശേരിയിൽ യുവാക്കളെ ആവേശം കൊള്ളിക്കുന്ന വണ്ടിപൂട്ട് മത്സരം ഇന്ന് നടക്കും. ഫൈറ്റേഴ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് പൊറ്റശ്ശേരിയും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും ചേർന്ന് സംഘടിപ്പിക്കുന്ന മത്സരം ഉച്ച 2.30 ന് മുക്കം നഗരസഭ കൗൺസിലർ എം.മധു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രത്യേകം സജ്ജമാക്കിയ വയലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിനകത്തും പുറത്തും നിന്ന് നാൽപ്പതോളം വണ്ടികൾ എത്തും. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് നജ്ജാദ്, നിഷാദ്, അഖിലേഷ് എന്നിവർ പങ്കെടുത്തു.