കൽപ്പറ്റ: ഡി.സി.സി ട്രഷറർ ആയിരുന്ന അന്തരിച്ച എൻ.എം വിജയന്റെ കുടുംബത്തെ പാർട്ടി വഞ്ചിച്ചിട്ടില്ലെന്ന് ടി. സിദ്ദിഖ് എം.എൽ.എ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരമാവധി സഹായിക്കുകയാണ് ചെയ്തത്. വിജയന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി പാർട്ടി ഉണ്ടാക്കിയ ധാരണ പ്രകാരം 40 ലക്ഷം രൂപയുടെ ബാധ്യത ഇതിനോടകം തീർത്തു. 20 ലക്ഷം രൂപ പണമായി കടം തീർത്തു. കൂടാതെ എൻ.എം വിജയന്റെ മരുമകളുടെ അഹല്യയിലെ 20 ലക്ഷംത്തിനു മുകളിലുള്ള കടബാധ്യതയും പാർട്ടി ഇതിനോടകം തീർത്തിട്ടുണ്ട്. വിജയന്റെ വീട് നിൽക്കുന്ന വസ്തുവിന്റെ ബാധ്യത മാത്രമാണ് കരാർ പ്രകാരം ഇനി അവശേഷിക്കുന്നത്. അതും തീർക്കാനുള്ള എല്ലാ ഇടപെടലും നടത്തുന്നതിനിടയിലാണ്‌ ഏറെ വേദനയുണ്ടാക്കുന്ന തരത്തിൽ വിജയന്റെ മരുമകൾ വാർത്താസമ്മേളനം നടത്തിയതെന്നും ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. കൽപ്പറ്റയിലെ അഡ്വ. രാജീവ് മുഖേനയാണ് കുടുംബവുമായി കരാർ ഉണ്ടാക്കിയത്. ഈ കരാറിൽ മൂന്ന് കാര്യങ്ങൾ പറഞ്ഞു. മൂന്നിൽ രണ്ടെണ്ണം നിറവേറ്റി. ജൂൺ മാസത്തിനകം പൂർണ്ണമായും ബാധ്യത തീർക്കും എന്ന കാര്യത്തിൽ പണം കണ്ടെത്തുന്ന കാര്യത്തിൽ അൽപ്പം വൈകി. അല്ലാതെ പാർട്ടി ഒരുതരത്തിലും വീഴ്ച വരുത്തിയിട്ടില്ല. ആരെയും കബളിപ്പിക്കാനോ വഞ്ചിക്കാനോ പാർട്ടി തയ്യാറായിട്ടില്ല. തന്നെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാറിനേയും ആണ് വിഷയത്തിൽ പാർട്ടി ചുമതലപ്പെടുത്തിയത്. വക്കീൽ മുഖായനെ ഉണ്ടാക്കിയ എഗ്രിമെന്റ് കെ.പി.സി.സിക്ക് പഠിക്കാനായി നൽകിയിരിക്കുകയാണ്. അതിന്റെ പകർപ്പ് കുടുംബത്തിന് നൽകാതെ പിടിച്ചു വച്ചിട്ടില്ല. എപ്പോൾവേണമെങ്കിലും അത് നൽകാൻ തയ്യാറാണ്. എൻ.എം വിജയന്റെ മകൻ എൻ.എം വിജയേഷന്റെ ആശുപത്രി ബില്ലുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവന അതീവ ദുഃഖം ഉണ്ടാക്കി. ആശുപത്രിയിൽ നേരിട്ട്‌പോയി സന്ദർശിച്ചു. ഡിസ്ചാർജ് ആകുന്നതിനു മുൻപ് ആശുപത്രി മാനേജ്‌മെന്റുമായി പലതവണ ഇടപെട്ടു. ബില്ല് പൂർണ്ണമായും ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബില്ലിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുത്തു. ഡോ. ആസാദ് മൂപ്പന്റെ മരുമകനെയാണ് താൻ ബന്ധപ്പെട്ടത്. എന്നാൽ പി.വി അൻവർ ഇടപെട്ടതുകൊണ്ടാണ് ആശുപത്രിയിൽ നിന്നുംപോകാൻ കഴിഞ്ഞതെന്ന് പ്രസ്താവന അതീവ ദുഃഖകരമാണ്. ബാഹ്യ ശക്തികളുടെ ഇടപെടൽ കൊണ്ടാകാം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും ടി. സിദ്ധിഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.