മാനന്തവാടി: പൊതുനിരത്തിന് വശങ്ങളിലുള്ള ഓവുചാലുകളിലേക്ക് മാലിന്യം ഒഴുക്കുന്നവർക്ക് എതിരെ നഗരസഭ ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. മഴവെള്ളം ഒഴുകി പോകുന്നതിനും അതുവഴി റോഡുകളെ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ട് പൊതുനിരത്തുകളുടെ അരികുകളിൽ നിർമ്മിച്ചിട്ടുള്ള ഓടകൾ നഗരത്തിൽ മാലിന്യ വാഹികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വ്യാപകമായി പരാതികളും ഉയരുന്ന സാഹചര്യത്തിൽ നോട്ടീസ് നൽകി പിഴ ചുമത്തിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് ഓവുചാലുകളിലേക്ക് വെള്ളം ഒഴുക്കി വിടുന്ന ഭാഗങ്ങൾ കണ്ടെത്തി നടപടികൾ ആരംഭിച്ചത്. വാഹന സർവീസ് സെന്ററുകൾ,ഹോട്ടലുകൾ , ലോഡ്ജുകൾ, ബേക്കറികൾ, വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം കുളിമുറി മാലിന്യം, അടുക്കള മാലിന്യം എന്നിവ ഒഴുക്കി വിടുന്നത്.
വിവിധങ്ങളായ സ്ഥാപനങ്ങളിൽ നിന്നും ഓടയിലേക്ക് തുറന്ന് വെച്ചിരിക്കുന്ന പൈപ്പുകൾ മുറിച്ചുമാറ്റി സിമന്റ് ഉപയോഗിച്ച് അടക്കുന്നതിനുള്ള പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചത്. റോഡിനു വശത്തുള്ള ഓടയിലേക്ക് ഒഴുക്കുന്ന മാലിന്യം സ്വാഭാവികമായ രീതി അനുസരിച്ച് തൊട്ടടുത്തുള്ള ചെറിയ കലുങ്കുകൾ വഴി പുഴകളിലേക്കും തോടുകളിലേക്കുമാണ് എത്തിച്ചേരുന്നത്. ഇത്തരം പുഴയിൽ നിന്നുള്ള ജലം തന്നെയാണ് പലപ്പോഴും ശുദ്ധീകരിച്ചതിനുശേഷം കുടിവെള്ളമായി വീടുകളിൽ എത്തിച്ചേരുന്നത്. കുടിവെള്ള സ്രോതസിനെ മലിനപ്പെടുത്തുന്നവർക്കെതിരെ ആറുമാസം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താവുന്ന നിയമമാണ് നിലവിലുള്ളത്. നിയമവിരുദ്ധമായി ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾ സ്വമേധയാ കുഴലുകൾ മുറിച്ചുമാറ്റി വെള്ളം ഒഴുക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നേരിട്ട് കണ്ടെത്തുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ഭീമമായ പിഴ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും ഒപ്പം ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതാണെന്നും. നഗരസഭ ആരോഗ്യ വിഭാഗം മേധാവി ക്ലീൻ സിറ്റി മാനേജർ ടി. മോഹന ചന്ദ്രൻ പറഞ്ഞു. കുഴി നിലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ക്ലീൻ സിറ്റി മാനേജർ ടി. മോഹനചന്ദ്രൻ, പി.എച്ച്.ഐ മാരായ എസ്.ഷൈജു, എ. തുഷാര, അശ്വതി രാജൻ, കെ.വി അശ്വതി, നഗരസഭ ജീവനക്കാരൻ ഷിബു എന്നിവർ നേതൃത്വം നൽകി.